കോയമ്പത്തൂർ: തമിഴ്നാട്ടിൽ 'സോളിഡാരിറ്റി' യുവജന സംഘടന രൂപീകരിച്ചു. കോയമ്പത്തൂർ ഉക്കടം ലോറിപേട്ടയിൽ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സയിദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെ ശക്തിയുക്തം പോരാടാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഉത്തരേന്ത്യയിൽ മുസ്ലിംകളുടെ വീടുകൾ തെരഞ്ഞുപിടിച്ച് തകർക്കുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.ആരിഫലി പ്രസ്താവിച്ചു. അമേരിക്കൻ സാമ്രാജ്യത്വ ശക്തിയും ഇസ്രായേൽ ഭീകര സേനയും ഭയപ്പെടുന്ന ഒരേയൊരു ശക്തി ഇസ്‌ലാം ആണ്. അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ ലോക വ്യാപകമായി ഇസ്‌ലാം അതിവേഗം പ്രചരിക്കുന്നു. ഈ സാഹചര്യത്തിലാണ് 'ഇസ്‌ലാമോഫോബിയ' എന്ന് വിളിച്ച് ഇസ്‌ലാമിനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത്.
രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പതിനായിരക്കണക്കിന് ഇസ്ലാമിസ്റ്റ് രക്തസാക്ഷികളെ മനപ്പൂർവം മറച്ചുവെക്കാനും ശ്രമം നടക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളെ പാകിസ്താനികളെന്ന് വിളിച്ച് പലതരത്തിലുള്ള ക്രൂരതകൾക്ക് വിധേയരാക്കുന്നു. ഇപ്പോൾ മണ്ണുമാന്തി യന്ത്രങ്ങളുടെ ആക്രമണവും നടക്കുന്നു. പ്രത്യേക സാഹചര്യത്തിൽ സോളിഡാരിറ്റി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി തമിഴ്നാട് അധ്യക്ഷൻ മുഹമദ് ഹനീഫ, ഡോ. കെ.വി.എസ് ഹനീഫ മുഹമദ്, മൗലവി നൂഹ്, വി.എസ് മുഹമദ് അമീൻ, എം.മുഹമദ് ഇസ്മായിൽ ഇംദാദി തുടങ്ങിയവർ സംസാരിച്ചു.
സോളിഡാരിറ്റി പ്രഥമ സംസ്ഥാന പ്രസിഡന്‍റായി സി.എ അബ്ദുൽഹക്കിമിനെയും ജനറൽ സെക്രട്ടറിയായി എ. കമാലുദീനെയും തെരഞ്ഞെടുത്തു. 13 അംഗ സംസ്ഥാന സമിതിയും ചുമതലയേറ്റു. നഗരത്തിൽ യുവജന റാലിയോടെയായിരുന്നു സമ്മേളനം തുടങ്ങിയത്. പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.