ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അശോക് ചവാൻ തുടങ്ങിയവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവരുൾപ്പെടെ 41 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ബി.ജെ.പി 20 സീറ്റ് നേടി. കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈ.എസ്.ആർ കോൺഗ്രസ് (മൂന്ന്), ആർ.ജെ.ഡി (രണ്ട്), ബി.ജെ.ഡി (രണ്ട്) എന്നിങ്ങനെയാണ് മറ്റു പാർട്ടികൾ എതിരില്ലാതെ സ്വന്തമാക്കിയ സീറ്റുകൾ. എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി (യു) എന്നിവ ഓരോ സീറ്റും നേടി.
രാജസ്ഥാനിൽനിന്ന് സോണിയക്കു പുറമെ ബി.ജെ.പിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോഡ് എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ചൊവ്വാഴ്ച സമാപിച്ച പശ്ചാത്തലത്തിലാണ് ചിത്രം തെളിഞ്ഞത്. മൂവർക്കുമെതിരെ ആരും പത്രിക നൽകിയിരുന്നില്ല. അശോക് ചവാൻ അടക്കം മഹാരാഷ്ട്രയിൽ ആറു സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ മൂന്നു പേർ ബി.ജെ.പിക്കാരാണ്.
ഗുജറാത്തിൽ നഡ്ഡക്കൊപ്പം മറ്റു മൂന്നു ബി.ജെ.പി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വജ്രവ്യാപാരി ഗോവിന്ദ് ദൊലാകിയയും ഇതിൽ ഉൾപ്പെടും. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ പ്രതിനിധിയായി മുൻ കോൺഗ്രസ് എം.പി മിലിന്ദ് ദേവ്റ, അജിത് പവാർ പക്ഷം എൻ.സി.പിയുടെ പ്രഫുൽ പട്ടേൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.