ബംഗളൂരു: ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത് കർണാടകയിലെ ബി.ജെ.പി സർക്കാറിനേറ്റ പ്രഹരം. യൂനിഫോമിന്റെ പേരിൽ ശിരോവസ്ത്രവിഷയത്തിൽ കാമ്പസുകളിൽ സാമൂഹിക ധ്രുവീകരണത്തിനും വർഗീയ വേർതിരിവിനും വഴിവെച്ച ബി.ജെ.പി സർക്കാറിന്റെ നീക്കത്തിനാണ് ജസ്റ്റിസ് സുധാൻശു ധുലിയയുടെ വിധിയിൽ താൽക്കാലിക തിരിച്ചടിയായത്.
കേസിൽ സുപ്രീംകോടതിയിൽനിന്ന് മെച്ചപ്പെട്ട വിധിയാണ് പ്രതീക്ഷിച്ചതെന്നായിരുന്നു കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മ ന്ത്രി ബി.സി. നാഗേഷിന്റെ പ്രതികരണം.
'ജനാധിപത്യ സർക്കാർ എന്ന നിലയിൽ സുപ്രീംകോടതിയിൽനിന്നുള്ള വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ, കുറച്ചുകൂടി മെച്ചപ്പെട്ട വിധിയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. ഇറാൻ, ഇറാഖ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ശിരോവസ്ത്രത്തിനും (ഹിജാബ്) മുഖാവരണത്തിനും (ബുർഖ) എതിരെ വനിതകൾ രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ കർണാടക ഹൈകോടതിയുടെ വിധി സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയത്. എന്നാൽ, നിരാശപ്പെടുത്തി. ശിരോവസ്ത്ര നിരോധനം തുടരും. ക്ലാസ് മുറികളിൽ ഒരു വിദ്യാർഥിയെയും ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കില്ല എന്ന കാര്യത്തിൽ ഒരു മാറ്റവുമില്ല. ക്ലാസ് മുറികളിൽ മതപരമായ ഒരു കാര്യവും കർണാടക വിദ്യാഭ്യാസ നിയമം അനുവദിക്കുന്നില്ല. യൂനിഫോമിന്റെ കാര്യത്തിൽ കർണാടക ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും ബാധകമാണ്' -അദ്ദേഹം വ്യക്തമാക്കി.
വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം, സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചെങ്കിലും ശിരോവസ്ത്ര നിരോധനത്തിൽനിന്ന് ഒരടിപോലും പിറകോട്ടില്ലെന്ന് കന്നഡ സാംസ്കാരിക മന്ത്രി വി. സുനിൽ കുമാർ വ്യക്തമാക്കി. കർണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നിൽ വർഗീയ ശക്തികളുടെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസ് ചീഫ് ജസ്റ്റിസിന് വിട്ട സ്ഥിതിക്ക് കർണാടക സർക്കാർ അന്തിമ വിധി കാത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.
1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കാമ്പസുകളിൽ ശിരോവസ്ത്രം നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരെ ഉഡുപ്പി ഗവ. പി.യു കോളജിലെയും കുന്താപുര ഗവ. പി.യു കോളജിലെയും ഏതാനും വിദ്യാർഥിനികൾ കർണാടക ഹൈകോടതിയെ സമീപിച്ചു.
സുദീർഘമായ വാദത്തിനുശേഷം ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജൈബുന്നിസ എം. ഖാസി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജികൾ തള്ളി മാർച്ച് 15ന് ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് ഹരജിക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉഡുപ്പി, മംഗളൂരു, ചിക്കമഗളൂരു, ശിവമൊഗ്ഗ, കുടക് മേഖലകളിൽ സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.