ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ദിസ്സനായകെയുടേത്. ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ ദിസ്സനായകെയെ സ്വീകരിച്ചു.
ഡിസംബർ 17 വരെ ഇന്ത്യയിലുള്ള ദിസ്സനായകെ, രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ സംഘടിപ്പിക്കുന്ന ബിസിനസ് പരിപാടിയിൽ ദിസ്സനായകെ പങ്കെടുക്കും. കൂടാതെ, ബോദ്ധഗയയും സന്ദർശിക്കും.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനം ഗുണം ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രന്ധി ജയ്സ്വാൾ എക്സിൽ കുറിച്ചു. ജന കേന്ദ്രീകൃത പങ്കാളിത്തത്തിന് സന്ദർശനം കരുത്താകും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബഹുമുഖവും പരസ്പര പ്രയോജനകരവുമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽ രാജ്യമാണ് ശ്രീലങ്ക. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായ 'മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും', 'അയൽപക്കത്തിന് ആദ്യം' എന്ന നയത്തിലും വലിയ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബറിൽ കൊളംബോയിൽ സന്ദർശനം നടത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്കൻ പ്രസിഡന്‍റുമായി ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനായി പരസ്പര സഹകരണം ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.