ബംഗളൂരു: ബി.ജെ.പി സർക്കാറുകളെ തൂത്തെറിയാതെ കർണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്ന് കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കൽ, കളവ് പറയൽ, അഹന്ത, വിദ്വേഷപ്രചാരണം എന്നിവയാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും ഹുബ്ബള്ളിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ അവർ പറഞ്ഞു.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയാണ്. ജനങ്ങളുടെ ഒരു ചോദ്യത്തിനും ബി.ജെ.പി നേതാക്കൾ മറുപടി പറയുന്നില്ല. തങ്ങളുടെ കീശയിലാണ് ജനാധിപത്യമെന്നാണ് അവർ കരുതുന്നത്.
കർണാടകയിലെ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ബി.ജെ.പി പരാജയപ്പെട്ടാൽ പിന്നീട് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് കിട്ടില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണവർ. എന്നാൽ, കർണാടകയിലെ ജനങ്ങൾ ഭീരുക്കളോ അത്യാഗ്രഹികളോ അല്ലെന്നും അവർ കോൺഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരും പങ്കെടുത്തു.
സോണിയ ഗാന്ധി ഇതാദ്യമായാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. ബി.ജെ.പി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽതന്നെ സോണിയ പ്രചാരണത്തിനെത്തിയത് ശ്രദ്ധേയമായി.
ഷെട്ടാറിനെ തോൽപിക്കാൻ ബി.ജെ.പി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണിത്. ഈ മണ്ഡലത്തിലെ പ്രചാരണത്തിൽ മാത്രമേ സോണിയ പങ്കെടുക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യത്തോടടുക്കുമ്പോൾ കോൺഗ്രസ് രാഹുലിനെയും പ്രിയങ്കയെയും സോണിയയെയും രംഗത്തിറക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.