ന്യൂഡൽഹി: ആർ.എസ്.എസിനെയും വി.എച്ച്.പിയെയും താലിബാനോട് ഉപമിച്ചതിനെ തുടർന്ന് ജാവേദ് അക്തറിന്‍റെ ചിത്രങ്ങൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയുമായി മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ രാം കദം. ആർ.എസ്.എസ് നേതൃത്വത്തോടും പ്രവർത്തകരോടും ക്ഷമ ചോദിച്ചില്ലെങ്കിൽ അക്തറിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കല്ലെന്നാണ് ഭീഷണി.
'താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണ്' -ഇങ്ങനെയായിരുന്നു അടുത്തിടെ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ പറഞ്ഞത്.
'ആർ.എസ്.എസ് ബന്ധമുള്ള രാഷ്ട്രീയക്കാരാണ് സർക്കാറിന് ചുക്കാൻ പിടിക്കുന്നത്. രാജധർമം പിന്തുടർന്നാണ് ഈ നേതാക്കൾ രാജ്യം ഭരിക്കുന്നത്. താലിബാനെപ്പോലെയാണെങ്കിൽ, അത്തരമൊരു പ്രസ്താവന നടത്താൻ അക്തറിന് സാധിക്കുമായിരുന്നോ?. ഇത് തന്നെ അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ പ്രഹസനമാണെന്ന് തെളിയിക്കുന്നു. പക്ഷേ, അത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ആളുകൾക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരം അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അക്തറിന്‍റെ സിനിമകൾ ഈ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല' -ബി.ജെ.പി വക്താവ് കൂടിയായ രാം കദം പറഞ്ഞു.
വിവാദത്തെ തുടർന്ന് സംഘപരിവാർ യുവജന സംഘടനകൾ ശനിയാഴ്ച ജുഹുവിലെ ജവേദ് അക്തറിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ജനങ്ങളിൽ കൂടുതലും മതേതരമാണെന്നും, എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി എന്നീ സംഘടനകളെ പിന്തുണക്കുന്നവർ നാസികളുടെ അതേ പ്രത്യയശാസ്ത്രമുള്ളവരാണെന്നും അക്തർ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.