ന്യൂഡൽഹി: പൂഴ്ത്തിവെപ്പും കൃത്രിമ ക്ഷാമവും തടയുന്നതിനും വിലക്കയറ്റം പരിശോധിക്കുന്നതിനുമായി ഗോതമ്പ് ശേഖരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ കർശനമാക്കി സർക്കാർ. മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വൻകിട ചില്ലറ വ്യാപാര ശൃംഖലകൾ, സംസ്കരണ സ്ഥാപനങ്ങൾ എന്നിവക്കാണ് നിയന്ത്രണങ്ങൾ. വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും സ്റ്റോക്ക് പരിധി 2000 ടണ്ണിൽനിന്ന് 1000 ടണ്ണായി കുറച്ചതായി ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. ഗോതമ്പിന്റെ വില കുത്തനെ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
ചെറുകിട വ്യാപാരികളുടെ സ്റ്റോക്ക് പരിധി അഞ്ച് ടണ്ണായി കുറച്ചു. നേരത്തേ പത്ത് ടണ്ണായിരുന്നു. ഒരു ചില്ലറ വ്യാപാരശൃംഖലയുടെ ഓരോ ഡിപ്പോക്കും അഞ്ച് ടൺ ഗോതമ്പ് ശേഖരിച്ചുവെക്കാം. എല്ലാ ഡിപ്പോകളിലുമായി ആയിരം ടണ്ണിൽ കൂടുതൽ സ്റ്റോക്ക് പാടില്ലെന്നും ഭക്ഷ്യസെക്രട്ടറി പറഞ്ഞു. പുതുക്കിയ സ്റ്റോക്ക് പരിധി ഉടൻ പ്രാബല്യത്തിൽ വരും. പുതുക്കിയ പരിധിയിലേക്ക് ഗോതമ്പ് ശേഖരം കുറയ്ക്കാൻ വ്യാപാരികൾക്ക് 30 ദിവസം അനുവദിക്കും. ഗോതമ്പ് ശേഖരപരിധി പോർട്ടലിൽ (https://evegoils.nic.in/wsp/login) രജിസ്റ്റർ ചെയ്യണം. എല്ലാ വെള്ളിയാഴ്ചയും ശേഖരത്തിന്റെ വിശദാംശങ്ങൾ പുതുക്കണം.
പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതും ശേഖരപരിധി ലംഘിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ അവശ്യസാധന നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.