ഷിംല: സ്കൂൾ തുടങ്ങിയാൽ കുട്ടികൾക്ക് ഏറ്റവും മടിയുള്ള കാര്യങ്ങളിൽ ഒന്നാണ് ഹോംവർക്ക്. മടി പിടിച്ച് ഹോംവർക്ക് ചെയ്യാതെ ക്ലാസിൽ പോയാൽ ടീച്ചറുടെ അടി വേറെയും. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ പനി, തലവേദന, വയറുവേദന തുടങ്ങി കള്ളങ്ങളുടെ നീണ്ട നിര കുട്ടിപ്പട്ടാളത്തിന്‍റെ കയ്യിലുണ്ടാകും. ഹോം വർക്ക് ചെയ്യാത്തതിന്‍റെ വഴക്ക് കേൾക്കാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച എട്ടാം ക്ലാസുകാരനാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഖംമൂടിധാരികളായ സംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന കള്ളക്കഥയുമായി മാതാപിതാക്കളെ സമീപിച്ചത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കൾ തന്‍റെ അടുത്ത് വന്ന് എന്തോ ഒന്ന് മണപ്പിച്ചുവെന്നും ഇതോടെ തന്‍റെ ബോധം പോയെന്നുമാണ് കുട്ടി പറഞ്ഞത്. ബൈക്കിൽ കയറ്റി തന്നെ അവർ എവിടേക്കോ കൊണ്ടുപോയെന്നും സിഗ്നലിൽ നിർത്തിയിട്ട സമയത്ത് എങ്ങനെയോ ബോധം വീണ്ടെടുത്ത താൻ സ്വയം രക്ഷപ്പെട്ടതാണെന്നും കുട്ടി പറയുന്നു. കഥ കേട്ട മാതാപിതാക്കൾ ഭയന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് കള്ളി വെളിച്ചത്താകുന്നത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോകൽ കഥ കെട്ടിച്ചമച്ചതാണെന്നറിയുന്നത്. പൊലീസ് ചോദിച്ചതോടെ ഹോംവർക്ക് ചെയ്തിട്ടില്ലെന്നും സ്കൂളിൽ നിന്നും അതിനുള്ള ശിക്ഷ ലഭിക്കാതിരിക്കാനുമാണ് കള്ളക്കഥ പറഞ്ഞതെന്നും കുട്ടി പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് ഹിമാചലിൽ അടച്ചിട്ട സ്കൂളുകൾ ജൂലൈ 31നാണ് തുറന്നത്. ഇതിന് പിന്നാലെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.