ബംഗളൂരു: ഹുബ്ബള്ളി ബി.വി.ബി കോളജിൽ വിദ്യാർഥിനിയായ നേഹ ഹിരേമത് (23) കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ബി.ജെ.പി. സംഭവത്തിൽ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ‘ലവ് ജിഹാദ്’ ആരോപണമുയർത്തിയതിന് പിന്നാലെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഞായറാഴ്ച വൈകീട്ട് ഇരയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.
കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും ആരോപിച്ച് തിങ്കളാഴ്ച കർണാടകയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.
എന്നാൽ, സംഭവത്തിന് പിന്നിൽ ലവ് ജിഹാദ് അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും വിശദീകരിച്ചിരുന്നു. കർണാടക സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൻ നാഗലക്ഷ്മി ചൗധരി ഞായറാഴ്ച നേഹയുടെ വീട് സന്ദർശിച്ചു. കേസിൽ നീതി ലഭ്യമാക്കുമെന്ന് വനിത കമീഷൻ ചെയർപേഴ്സൻ മാതാപിതാക്കളെ അറിയിച്ചു.
തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട അവർ, നേഹയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും അത്തരത്തിൽ ചെയ്യുന്നത് ഇരയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. സംസ്ഥാന വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും നേഹയുടെ മാതാപിതാക്കളെ സന്ദർശിച്ച് സമാശ്വാസമേകി.
കൊലപാതകത്തെ അപലപിച്ച് ഹുബ്ബള്ളി-ധാർവാഡിലെ മുസ്ലിം സംഘടനകൾ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് ആദരമർപ്പിച്ച് എല്ലാ മുസ്ലിം വ്യാപാരികളും തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് ധാർവാഡിലെ അൻജുമാനെ ഇസ്ലാം പ്രസിഡന്റ് ഇസ്മാഈൽ തമാത്ഗർ പറഞ്ഞു.
എല്ലാ കടകളിലും ‘ജസ്റ്റിസ് ഫോർ നേഹ’ പോസ്റ്ററുകൾ പതിക്കും. അനുശോചന സൂചകമായി റാലിയും നടത്തും. ഒരു വിദ്യാർഥിനിയോടും ഇത്തരമൊരു ക്രൂരത ആവർത്തിക്കരുതെന്ന സന്ദേശം പകരാനാണ് ബന്ദ് ആചരിക്കുന്നതെന്നും സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമതിന്റെ മകളും ഹുബ്ബള്ളി ബി.വി.ബി കോളജ് ഒന്നാംവർഷ എം.സി.എ വിദ്യാർഥിനിയുമായ നേഹ ഹിരേമത് കാമ്പസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖണ്ഡുനായകാണ് (23) കൊല നടത്തിയത്. ഇയാൾ സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റിലായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട നേഹയുടെ കുടുംബത്തോട് പ്രതിയായ ഫയാസിന്റെ മാതാപിതാക്കൾ ക്ഷമാപണം നടത്തി. കുറ്റകൃത്യത്തിന്റെ പേരിൽ മകന് ഏറ്റവും കഠിനമായ ശിക്ഷതന്നെ നൽകണമെന്നും കൂപ്പുകൈകളോടെ പെൺകുട്ടിയുടെ കുടുംബത്തോട് മാപ്പുചോദിക്കുന്നതായും സ്കൂൾ അധ്യാപകനായ പിതാവ് ബാബ സാഹിബ് സുബ്ഹാനി പറഞ്ഞു.
നേഹയെ ഫയാസ് ശല്യപ്പെടുത്തുന്നെന്ന് പറഞ്ഞ് എട്ടുമാസം മുമ്പ് നേഹയുടെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ചിരുന്നു. നേഹയും ഫയാസും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ഫയാസ് തന്നെ അറിയിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ തെറ്റ് ചെയ്തതായും കർണാടകയിലെ ജനങ്ങൾ തനിക്ക് മാപ്പുനൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.