ബുലന്ദ്ശഹർ: ഗോരക്ഷക ഗുണ്ടകൾ കൊലപ്പെടുത്തിയ സുബോധ്സിങ് ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിൽ ക്ഷണം സ്വീകരിച്ചാണ് മാധ്യമപ്രവർത്തകർ എത്തിയത്. ബുധനാഴ്ച 10മണിക്ക് ഉത്തർപ്രദേശ് ആഭ്യന്തരവകുപ്പിെൻറ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. മാധ്യമപ്രവർത്തകർക്കു പുറമെ ഏതാനും പൊതുപ്രവർത്തകരും കൃത്യസമയത്ത് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ സഹപ്രവർത്തകനുള്ള അനുശോചന സമ്മേളനത്തിെൻറ യാതൊരു ലക്ഷണവുമില്ല. വൈകാതെ, സ്റ്റേഷൻ ചുമതലയുള്ള പൊലീസ് ഒാഫിസറെത്തി. മുഖം മ്ലാനമായിരുന്നു. ‘‘അനുശോചന സമ്മേളനം ഒഴിവാക്കി. മേലധികാരികൾ ചടങ്ങിന് അനുമതി നിഷേധിച്ചു. നടത്തിയാൽ എല്ലാവരുടെയും ഒരുദിവസത്തെ വേതനം പിടിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതേപ്പറ്റി കൂടുതലൊന്നും പറയാനില്ല’’ -അദ്ദേഹം വ്യസനത്തോടെ പറഞ്ഞു. ഇൗ നീക്കത്തോടെ സുബോധ് സിങ്ങിന് നീതികിട്ടുമെന്ന സഹപ്രവർത്തകരുടെ പ്രതീക്ഷ മങ്ങി.
അടുത്തകാലത്തുണ്ടായ ചില മരണങ്ങൾ സേനയുടെ ആത്മവിശ്വാസം തകർക്കുന്നവയാണ്. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സിയാഉൽ ഹഖ്, പൊലീസ് സൂപ്രണ്ട് മുകുൽ ദ്വിവേദി, പൊലീസ് കോൺസ്റ്റബ്ൾ അങ്കിത് ടൊമാർ എന്നിവരുടെ മരണം സേനക്കുവേണ്ടിയുള്ള രക്തസാക്ഷിത്വമായാണ് കണക്കാക്കിയിരുന്നത്. ഇവർക്ക് നീതിലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്കിത് തൊമാറിെൻറ ചിത്രം പ്രൊഫൈൽ ചിത്രമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരേറെ. അതോടെ എല്ലാം തീർന്നു. സുബോധ് സിങ് ധീരനായിരുന്നു. യഥാർഥ നായകൻ. അദ്ദേഹത്തിന് സംസ്ഥാന ബഹുമതിയോടെയുള്ള അന്ത്യയാത്ര അർഹതപ്പെട്ടതായിരുന്നു -റിട്ട. ഇൻസ്പെക്ടർ ലാഖാെൻറ വാക്കുകളിൽ പ്രതിഷേധക്കനൽ.
സുബോധ്സിങ്ങിെൻറ മകൻ അഭിഷേക് പിതാവിനെ പതാക പുതപ്പിക്കാത്തത് ചോദ്യം ചെയ്തിരുന്നു. ഇതോടെ ‘വീഴ്ച’ തിരിച്ചറിഞ്ഞ് മൃതദേഹത്തിൽ പതാക പുതപ്പിച്ചിരുന്നു. ആഭ്യന്തര വകുപ്പിെൻറ മനഃപൂർവമുള്ള വീഴ്ചകളുടെ ഒരുപാട് ഉദാഹരണം സുബോധ് സിങ്ങിെൻറ മരണകാര്യത്തിൽ കാണാം. ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ച പൊലീസുകാരനെ അവഗണിച്ച് പ്രതികളായ ഗോരക്ഷക ഗുണ്ടകളെ സംരക്ഷിക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിെൻറ ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പുറത്തുവരുന്നുണ്ട്. കലാപം തുടങ്ങിയ ശേഷം സ്ഥലത്ത് ആദ്യമെത്തിയ തഹസിൽദാർ, പശുവിെൻറ തലയും േതാലും കരിമ്പിൻകാട്ടിനടുത്ത് പ്രദർശിപ്പിച്ച മട്ടിൽ കണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അതേക്കുറിച്ച് ഒന്നും മിണ്ടാൻ അദ്ദേഹം ബുധനാഴ്ച തയാറായില്ല.
പൊലീസ് നൽകിയ പ്രഥമ റിപ്പോർട്ടിൽ 27 കലാപകാരികളുടെ പേരാണുള്ളത്. ബജ്റംഗ്ദൾ ജില്ല കൺവീനർ യോഗേഷ് രാജ് പ്രവീൺ ആണ് ഒന്നാംപ്രതി. ബി.ജെ.പി യൂത്ത് വിങ് നേതാവ് ശിഖർ അഗർവാളാണ് രണ്ടാം പ്രതി. ബാക്കിയുള്ളവരെല്ലാം വിശ്വഹിന്ദു പരിഷത്തുകാർതന്നെ. കേവലമൊരു ക്രമസമാധാന പ്രശ്നമല്ല; ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പറഞ്ഞത് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി. സിങ്ങാണ്. അതിന് തിരഞ്ഞെടുത്ത സമയവും സന്ദർഭവുമെല്ലാം അതിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.