'ബി.ജെ.പിയിൽ ജനാധിപത്യ തെരഞ്ഞെടുപ്പ് ഇല്ലാതായി'; പാർലമെന്‍ററി ബോർഡിലെ ഇളക്കി പ്രതിഷ്ഠക്കെതിരെ സുബ്രഹ്മണ്യം സ്വാമി

ന്യൂഡൽഹി: ബി.ജെ.പി പാർലമെന്ററി ബോർഡിലെ അഴിച്ചുപണി ജനാധിപത്യ വിരുദ്ധമാണെന്ന് പാർട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി തുറന്നടിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഇല്ലാതായ​ ബി.ജെ.പിയിൽ ഏത് പദവിയിലേക്കും മോദിയുടെ അംഗീകാരത്തോടെ ആളുകളെ നാമനിർദേശം ചെയ്യുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി.

ജനത പാർട്ടിയുടെയും പിന്നീട് ബി.ജെ.പിയുടെയും കാലത്ത് ഭാരവാഹികളെ കണ്ടെത്താൻ തങ്ങൾക്ക് ഒരു പാർട്ടി തെരഞ്ഞെടുപ്പും പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമുണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു. പാർട്ടി ഭരണഘടന പ്രകാരം ഇതാവശ്യമാണ്. എന്നാൽ, ഇന്ന് ബി.ജെ.പിയിൽ തെരഞ്ഞെടുപ്പ് എന്തായാലും അവസാനിച്ചുവെന്നും സ്വാമി കൂട്ടിച്ചേർത്തു.

പാർട്ടി പൂർണമായും മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ മാത്രം നിയന്ത്രണത്തിലാക്കിയ നീക്കത്തിൽ ബുധനാഴ്ചയാണ് മുതിർന്ന നേതാക്കളായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമ​ന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും ബി.​ജെ.പി ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിന് പുറത്തായത്. അമിത്ഷാക്കും മോദിക്കും ഏറെക്കുറെ പൂർണമായും വഴങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് മാത്രമാണ് പാർലമെന്ററി ബോർഡിൽ മോദി കേന്ദ്രത്തിൽ വരുന്നതിന് മുമ്പെയുണ്ടായിരുന്നവരിൽ അവശേഷിക്കുന്ന ഏകമുഖം.

ഉത്തർപ്രദേശിൽ ബി.ജെ.പിയെ രണ്ടാമതും അധികാരത്തിലേക്ക് നയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോർഡിൽ ഉൾ​പ്പെടുത്തുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല.

Tags:    
News Summary - Subramanian Swamy against Reshuffle in BJP Parliamentary Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.