റാഞ്ചി: ‘പെട്ടെന്നുള്ള അസുഖം’ കാരണം ഞായറാഴ്ച ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. അതേസമയം, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
‘ഇൻഡ്യ സഖ്യത്തിന്റെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ, പെട്ടെന്നുള്ള അസുഖം കാരണം തൽക്കാലം ന്യൂഡൽഹി വിടാൻ കഴിയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്‌നയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം റാഞ്ചി റാലിയിൽ പങ്കെടുക്കും’ -ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇൻഡ്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയിൽ ഇന്ന് നടക്കുന്നത്. സഖ്യത്തിലെ കക്ഷികളിലൊന്നായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം മാർച്ച് 31ന് ഡൽഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി. മറ്റൊരു സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ദ് സോറനെ ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ജെ.എം.എം ആണ് റാഞ്ചിയിലെ റാലിയുടെ സംഘാടകരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.