ഷിംല: ഹിമാചൽ പ്രദേശിന്റെ 15-ാമത് മുഖ്യമന്ത്രിയായി സുഖ്‍വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആർ.വി അർലേകർ സത്യവാചകം ചൊല്ലി കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ച ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് സുഖ്‍വിന്ദറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നാഷനൽ സ്റ്റുഡന്റ് യൂനിയൻ ഓഫ് ഇന്ത്യയിലൂടെയാണ് സുഖ്‍വിന്ദർ സിങ് സുഖു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. നാലുതവണ എം.എൽ.എയായ അദ്ദേഹം നിയമബിരുദധാരിയാണ്. ഛോട്ട ഷിംലയിൽ പാൽ വിറ്റുനടന്നിരുന്ന ഒരു കാലവും സുഖുവിനുണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി വിർഭദ്രസിങ്ങുമായുള്ള സുഖുവിന്റെ അഭിപ്രായഭിന്നത പരസ്യമാണ്. കോവിഡ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമാണ് വീർഭദ്രസിങ് അന്തരിച്ചത്.
രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ് സുഖ്‍വിന്ദർ സിങ് സുഖു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി രാഹുൽ ഭാരത് ജോഡോ യാത്രക്ക് അവധി നൽകിയാണ് എത്തിയത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.