ഡൽഹിയിൽ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയിൽ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ ശക്തിപ്രകടനമായി ഡൽഹിയിലെ രാംലീല മൈതാനത്തിൽ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികളുടെ റാലി തുടങ്ങി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പ​ങ്കെടുക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയിൽ വായിച്ചു.

കെജ്രിവാൾ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോൾ വെക്കരുത് എന്നായിരുന്നു പ്രവർത്തകരുടെ മറുപടി. കെജ്രിവാളിന് നീതി വേണമെന്നും ഒരു കാരണവുമില്ലാതെയാണ് തടവിലിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്.

''ജയിലിൽ കഴിയുന്ന നിങ്ങളുടെ സ്വന്തം അരവിന്ദ് കെജ്രിവാളിന്റെ സന്ദേശമാണ് ഞാൻ വായിക്കുന്നത്. ഒരു കാര്യം ഞാൻ നിങ്ങളോട് ചോദിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ഭർത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യ​മാണോ? കെജ്രിവാൾ യഥാർഥ ദേശസ്നേഹിയാണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ​​? കെജ്രിവാൾ ജയിലിലാണെന്നും രാജിവെക്കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. നിങ്ങളുടെ കെജ്രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അവർക്ക് ഒരുപാട്കാലം ജയിലിൽ പാർപ്പിക്കാൻ കഴിയില്ല.''-സുനിത കെജ്രിവാൾ പറഞ്ഞു.

രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖനേതാക്കൾ റാലിയിൽ അണിനിരന്നു. ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും വേദിയിലെത്തി.

Tags:    
News Summary - Sunita Kejriwal delivers husband's message from lock up at opposition rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.