ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ ഹാജരായത് മുസ്ലിംകൾക്കുവേണ്ടി മാത്രമായിരുന്നില്ലെന്നും രാജ്യത്തെ മതേതര ലിബറൽ ചിന്താഗതിക്കാരായ ഹിന്ദുക്കൾക്കുവേണ്ടി കൂടിയായിരുന്നുവെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാൻ. ബാബരി ഭൂമി കേസിൽ സുന്നി വഖഫ് ബോർഡിനുവേണ്ടി വാദിച്ചതിന് മലാഭിഷേകം പോലും സംഘ് പരിവാറിൽനിന്ന് നേരിടേണ്ടി വന്നുവെന്നും ധവാൻ പറഞ്ഞു. സമാധാനത്തിനുവേണ്ടി വിധി പുറപ്പെടുവിക്കുകയല്ല സുപ്രീംകോടതിയുടെ പണിയെന്നും പൂർണമായും നീതി നടപ്പാക്കലാണെന്നും ധവാൻ അഭിപ്രായപ്പെട്ടു.
ബാബരി ഭൂമി കേസിലെ വിധിക്കു ശേഷം ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് കേസിെൻറ പേരിൽ അനുഭവിച്ച പീഡനങ്ങൾ ധവാൻ എണ്ണിപ്പറഞ്ഞത്. ബാബരി മസ്ജിദ് വിഷയത്തിൽ രാജ്യത്തെ അന്തരീക്ഷം വഷളാക്കുന്നത് മുസ്ലിംകളല്ലെന്നും ഹിന്ദുക്കളാണെന്നുമുള്ള പരാമർശം വിവാദമാക്കിയവരോട്, ഹിന്ദു എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആർ.എസ്.എസുകാരെയാണെന്ന് ധവാൻ വ്യക്തത വരുത്തി.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് അക്രമമുണ്ടാക്കിയ ഹിന്ദുക്കളെ കുറിച്ചാണ് പറഞ്ഞത്.1934ൽ ബാബരി മസ്ജിദ് ആക്രമിക്കപ്പെട്ടു. 1949ൽ പള്ളി കൈയേറി. 1950നും 1992നുമിടയിൽ റസീവർ ഇറക്കിയ ഒരുത്തരവു പോലും ഹിന്ദുക്കൾ പാലിച്ചില്ല. എല്ലാറ്റിലും വലിയ പ്രവൃത്തി ബാബരി മസ്ജിദ് തകർക്കലായിരുന്നു. ഇതിെൻറ പേരിൽ നടന്ന അക്രമങ്ങളെല്ലാം ഹിന്ദു താലിബാൻ ആസൂത്രണം ചെയ്ത ഹിന്ദുക്കളുടെ ഭാഗത്തുനിന്നുള്ളതായിരുന്നുവെന്ന് വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭ്യമാകാതെ സമാധാനം കൈവരില്ല എന്നതിനാൽ സുന്നി വഖഫ് ബോർഡ് പുനഃപരിശോധന ഹരജി സമർപ്പിക്കണമെന്നാണ് തെൻറ നിലപാടെന്ന് ധവാൻ വ്യക്തമാക്കി. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽപോലും വിധിയിലെ അടിസ്ഥാന പിഴവുകള്‍ പുറത്തുകൊണ്ടുവരാന്‍ അതുമൂലം സാധിക്കുമെന്നും ധവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.