ന്യൂഡൽഹി: അലീഗഢ് മുസ്‍ലിം സർവകലാശാല ഉണ്ടാക്കിയത് ഇന്ത്യൻ മുസ്‍ലിംകളാണെന്ന ചരിത്ര വസ്തുത 1981ൽ നിയമഭേദഗതി കൊണ്ടുവന്നപ്പോൾ അന്നത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചാണെന്ന് സുപ്രീംകോടതി. നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അലീഗഢിന്റെ ന്യൂനപക്ഷ പദവി കേസിൽ വാദം കേൾക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചു.
കേന്ദ്ര സർക്കാർ 1981ൽ കൊണ്ടുവന്ന അലീഗഢ് നിയമ ഭേദഗതി നിലനിൽക്കുവോളം കേന്ദ്ര സർക്കാറിന് അതിനെതിരെ സംസാരിക്കാനാവില്ലെന്ന് ഇതേ കേസിൽ നേരത്തെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അലീഗഢിന്റെ ന്യൂനപക്ഷ പദവി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണെന്ന് കൂടി 1981ൽ കേന്ദ്ര മന്ത്രി പറഞ്ഞുവെന്ന് കേന്ദ്രത്തിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോൾ നയരൂപവൽകരണം പാർലമെന്റിന്റെ മാത്രം അധികാരമാണെന്നും സുപ്രീംകോടതിക്ക് അതിലൊന്നും ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
രാജ്യത്ത് ന്യൂനപക്ഷം 1950ന് ശേഷമുണ്ടായതല്ലെന്നും ന്യൂനപക്ഷത്തെ നിർണയിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ഉണ്ടാകുന്നതിന് മുമ്പുള്ള സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച നിരീക്ഷിച്ചു. അലീഗഢ് സർവകലാശാല ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുന്നതിന് മുമ്പുള്ള സർവകലാശാല ആയതിനാൽ ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയുടെ വാദം തള്ളിയാണ് ഈ നിരീക്ഷണം.
ഭരണഘടനയുടെ 30-ാം അനുഛേദം ന്യൂനപക്ഷം എന്ന് പറയുമ്പോൾ ഇന്ത്യൻ ഭരണഘടന ഉണ്ടാകുന്നതിന് മുമ്പുള്ള സാമൂഹികവും ചരിത്രപരവുമായ സ്ഥിതി കൂടി പരിഗണിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുമ്പ് സ്ഥാപിച്ച സർവകലാശാലകൾക്ക് ഒന്നിനും ന്യൂനപക്ഷ പദവി നൽകാനാവില്ലെന്നാണോ നിങ്ങളുടെ വാദമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസിനോട് അതെ എന്ന് ദ്വിവേദി മറുപടി നൽകി. അങ്ങിനെയല്ലെന്നും ന്യൂനപക്ഷം എന്നത് 1950ൽ ആദ്യമായി ഉണ്ടായതല്ലെന്നും ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചു. ഭരണഘടനയുടെ മുഖ്യധാരയോട് ചേർന്നപ്പോൾ സംരക്ഷണം സംബന്ധിച്ച് ആ സമുദായങ്ങൾക്ക് നൽകിയ ഉറപ്പാണ് അനുഛേദം 30 എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
സംവരണമില്ലാതെ തന്നെ അലീഗഢ് മുസ്‍ലിം സർവകലാശാലയിലെ 70-80 ശതമാനം വിദ്യാർഥികളും മുസ്‍ലിംകളായിരുന്നുവെന്നും ഇത് അതീവഗുരുതരമായ പ്രതിഭാസമാണെന്നും കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മുസ്‍ലിംകൾക്ക് 50 ശതമാനം സംവരണം നൽകിയാൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണമുണ്ടാകില്ല. ഇത് സാമൂഹിക നീതിക്കെതിരാണെന്നും ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനം ദേശീയ ഘടനയെ പ്രതിഫലിപ്പിക്കണമെന്നും കേന്ദ്ര സർവകലാശാലകളും ഐ.ഐ.ടികളും അങ്ങിനെയാണെന്നും മേത്ത വാദിച്ചു. ഇതിനുള്ള രേഖകൾ സമർപ്പിക്കണമെന്ന ബെഞ്ചിന്റെ ആവശ്യം മേത്ത അംഗീകരിച്ചു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ.ബി പാർദീവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് അലീഗഢ് കേസിൽ ബുധനാഴ്ചയും വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.