മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക തല്ലിച്ച കേസിൽ യു.പി സർക്കാറിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക മുസ്‍ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന്റെ അലംഭാവത്തെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമർശിച്ചു. യു.പി പൊലീസ് തൽസ്ഥിതി റിപ്പോർട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമർപ്പിക്കാൻ തയാറാകാത്തതിൽ കോടതി നീരസം പ്രകടിപ്പിച്ചു.

കുട്ടി കൗൺസലിങ് കേന്ദ്രത്തിലേക്ക് വന്നില്ലെന്ന ന്യായം പറഞ്ഞ് കൗൺസലിങ് നൽകാത്തതും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചു. തങ്ങൾക്കു എതിരായത് എന്ന നിലയിൽ സർക്കാർ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. ആഘാതത്തിലായ ആ കുട്ടി കൗൺസലിങ് കേന്ദ്രത്തിലേക്ക് വരുമെന്നാണോ നിങ്ങൾ കരുതുന്നതെന്ന് സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.

മൂന്ന് സർക്കാർ സെക്രട്ടറിമാർ അടങ്ങുന്ന സമിതിയെ കൗൺസലിങ്ങിന് ഏൽപിച്ചുവെന്ന അഭിഭാഷകന്റെ മറുപടിയിലും കോടതി അമർഷം പ്രകടിപ്പിച്ചു. ശിശുക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന സിംഹാൻസ്, ടിസ് തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തെ കൗൺസലിങ് ചുമതല ഏൽപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

Tags:    
News Summary - Supreme Court against the UP government in the case of beating Muslim student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.