ന്യൂഡൽഹി: സംഭലിൽ സമാധാനവും സൗഹാർദവും നിലനിർത്താനും ഇരു സമുദായങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സമാധാന സമിതി രൂപീകരിക്കാനും യു.പി സർക്കാറിനേട് സുപ്രീംകോടതി. മുഗൾ കാലഘട്ടത്തിലെ പള്ളിയുടെ സർവേയുമായി ബന്ധപ്പെട്ട ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് സംഭൽ വിചാരണ കോടതിയോടും ആവശ്യപ്പെട്ടു.
വിചാരണ കോടതിയുടെ അപകീർത്തികരമായ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാൻ മുസ്‍ലിം പക്ഷത്തെ ബെഞ്ച് ഉപദേശിച്ചു. മുസ്‍ലിം പക്ഷത്തിന്റെ ഹരജി ഫയൽ ചെയ്ത് മൂന്ന് പ്രവൃത്തി ദിവസത്തിനകം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് അലഹബാദ് ഹൈകോടതിയോടും ഉത്തരവിട്ടു. ഹൈകോടതി വിഷയം പരിഗണിക്കുകയും മുസ്‍ലിം പക്ഷത്തിന്റെ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതുവരെ സംഭൽ വിചാരണ കോടതി ഇവ്വിഷയകമായി ഒന്നും ചെയ്യില്ലെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
മുഗൾ കാലഘട്ടത്തിലെ മസ്ജിദിന്റെ സർവേ നടത്താനുള്ള ജില്ലാ കോടതിയുടെ നവംബർ 19ലെ ഉത്തരവ് ചോദ്യം ചെയ്ത് സംഭലിലെ ഷാഹി ജുമാമസ്ജിദ് മാനേജ്മെന്‍റ് കമ്മിറ്റി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഷാഹി ജുമാ മസ്ജിദിൽ മുമ്പ് ഒരു ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവകാശവാദത്തിൽ കോടതി ഉത്തരവിനെ തുടർന്ന് സർവേ നടത്തിയ നവംബർ 19 മുതൽ യു.പിയിലെ സംഭലിൽ സംഘർഷാവസ്ഥ ഉടലെടുത്തു. നവംബർ 24 ന് പ്രതിഷേധക്കാർ പള്ളിക്ക് സമീപം ഒത്തുകൂടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.