അണ്ണാ ഡി.എം.കെ തർക്കത്തിൽ സുപ്രീംകോടതി; കേസ് ഹൈകോടതി മൂന്നാഴ്ചക്കകം തീർപ്പാക്കണം

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ എടപ്പാടി പളനിസാമി (ഇ.പി.എസ്)-ഒ. പന്നീർശെൽവം (ഒ.പി.എസ്) തർക്കവുമായി ബന്ധപ്പെട്ട കേസ് മൂന്നാഴ്ചക്കകം തീർപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.അതുവരെ സംഘടനപരമായ വിഷയങ്ങളിൽ തൽസ്ഥിതി തുടരാൻ ഇരു വിഭാഗങ്ങളോടും ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.

ജൂലൈ 11ന് ഇ.പി.എസ് വിഭാഗം ചെന്നൈയിൽ വിളിച്ചുകൂട്ടിയ പാർട്ടി ജനറൽ കൗൺസിൽ യോഗം ഒ.പി.എസിനെ പുറത്താക്കിയിരുന്നു. സംഘടനയിലെ ഇരട്ട നേതൃസംവിധാനം അവസാനിപ്പിക്കുകയും ഇ.പി.എസിനെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

സംഘടന വിരുദ്ധ പ്രവർത്തനമാണ് ഒ.പി.എസിനെ പുറത്താക്കാൻ കാരണമായി പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ഒ.പി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് തങ്ങളുടെ വാദവും കേൾക്കണമെന്നാവശ്യപ്പെട്ട് ഇ.പി.എസും ഹരജി സമർപ്പിച്ചു.മദ്രാസ് ഹൈകോടതി തീർപ്പുണ്ടാവുന്നതുവരെ ജൂലൈ 11ന് മുമ്പുള്ള തൽസ്ഥിതി തുടരണമെന്ന ഒ.പി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഈയിടെ ക്രമസമാധാന പ്രശ്നത്തിന്‍റെ പേരിൽ ആർ.ഡി.ഒ അടച്ചുപൂട്ടി മുദ്രവെച്ച ചെന്നൈ റോയപേട്ടയിലെ പാർട്ടി ആസ്ഥാന ഓഫിസായ 'എം.ജി.ആർ മാളികൈ' ഇ.പി.എസിന് തുറന്നുകൊടുക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു.ഇതുവരെയുണ്ടായ കോടതി ഉത്തരവുകളെല്ലാം പ്രതികൂലമായത് ഒ.പി.എസ് വിഭാഗത്തിന് തിരിച്ചടിയായിരിക്കയാണ്. 

Tags:    
News Summary - Supreme Court in Anna DMK controversy; The case should be decided by the High Court within three weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.