അധികാരത്തിലുള്ളവരോട് സത്യം തുറന്നുപറയലാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും എതിർപ്പിന്റെ പക്ഷങ്ങളെ വ്യവസ്ഥക്കെതിരായി മുദ്രകുത്താനാകില്ലെന്നും മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. മീഡിയവൺ വിലക്ക് റദ്ദാക്കി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് നടത്തിയ വിധി പ്രസ്താവത്തിലാണ് ഭരണകൂടങ്ങൾക്ക് താക്കീത്. ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് ചാനലിൽ വന്ന പരിപാടികളും അഭിപ്രായങ്ങളുമാണ് ചാനൽ വിലക്കിന് കാരണമായി കോടതിക്ക് മുമ്പാകെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കാരണം ബോധിപ്പിച്ചിരുന്നത്.
എന്നാൽ, സമൂഹത്തിന്റെ ഉത്തരവാദിത്വപൂർണമായ പ്രവർത്തനത്തിൽ സ്വതന്ത്ര മാധ്യമങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്നും വിമർശനങ്ങളെ വ്യവസ്ഥക്കെതിരായി മുദ്ര കുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. ‘ചാനലിന് ലൈസൻസ് പുതുക്കിനൽകാത്തത് വ്യക്തികളുടെയും സംഘടനകളുടെയും സ്വാതന്ത്ര്യന് വലിയ ആഘാതമാണ്. ഇന്ത്യൻ ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം ഇതിനെ ന്യായീകരിക്കാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
2022 ജനുവരി 31നാണ് ചാനൽ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. ഹൈകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റീസ് നഗരേഷ് അടങ്ങിയ സിംഗിൾ ബെഞ്ച് വിലക്ക് ശരിവെച്ചു. ഇതിനെതിരെ ചാനൽ ഉടമകൾക്കൊപ്പം കേരള യൂനിയൻ ഓഫ് വർകിങ് ജേണലിസ്റ്റ്സും നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും ഇതേ അഭിപ്രായം അറിയിച്ചു. ഇതേ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.
മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതിന് ഹൈകോടതി കാരണം ബോധിപ്പിക്കാത്തതും പരമോന്നത കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ‘‘വിഷയത്തിന്റെ സ്വാഭാവവും ഗൗരവവും രേഖകളിൽനിന്ന് വ്യക്തമല്ലെന്ന് നിരീക്ഷിച്ചാണ് ഹൈകോടതി ക്ലിയറൻസ് നിഷേധിച്ചത്. ഇതിന് വിശദീകരണമില്ല. ഹൈകോടതി വിധി പ്രസ്താവത്തിലൂടെ പരാതിക്കാരുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്’- വിധിന്യായം വ്യക്തമാക്കി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകുന്നത് ന്യായയുക്തമായി പ്രവർത്തിക്കാനുള്ള ഭരണകൂട ബാധ്യത ഒഴിവാക്കുന്നില്ലെന്നും ഇനി അങ്ങനെ ചെയ്താൽ കോടതിക്കു മുമ്പാകെ ബോധിപ്പിക്കാനാകണമെന്നും കോടതി പറഞ്ഞു. സി.ബി.ഐ, ഐ.ബി പോലുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് സമ്പൂർണ പരിരക്ഷ നൽകാനാകില്ലെന്നും പരമോന്നത കോടതി ഓർമിപ്പിച്ചു.
‘‘ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുകയല്ലാതെ, ഹൈകോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിലോ ഞങ്ങൾക്കുമുമ്പാകെയുള്ള സബ്മിഷനുകളിലോ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയില്ല. ഈ കോടതി മുമ്പും പലവട്ടം ഊന്നിപ്പറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇതേ നിലപാട് സ്വീകരിക്കുകയാണ്. ദേശസുരക്ഷയെന്ന വാചകം ഉദ്ധരിച്ചതുകൊണ്ട് മാത്രം ജുഡീഷ്യൽ റിവ്യൂ ഒഴിവാകില്ല. നിയമംമൂലം ലഭിക്കേണ്ട പ്രതിവിധികൾ പൗരന്മാർക്ക് നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷ ഉപയോഗപ്പെടുത്തുകയാണ്. ഇത് നിയമവ്യവസ്ഥക്ക് ചേർന്നതല്ല’’- വിധിന്യായം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.