ഷർജീൽ ഇമാമിന്‍റെ ജാമ്യഹരജി സുപ്രീംകോടതി പരിഗണിച്ചില്ല; വേഗം പരിഗണിക്കാൻ ഹൈകോടതിക്ക് നിർദേശം

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്‍റെ ജാമ്യഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ഭരണഘടനാ അനുച്ഛേദം 32 പ്രകാരമുള്ള റിട്ട് ഹരജിയാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. എന്നാൽ, ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചു. അതേസമയം, ഡൽഹി ഹൈകോടതിയിലുള്ള ജാമ്യഹരജി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ നിർദേശം നൽകി.

2022 ഏപ്രിലിന് ശേഷം ഷർജീൽ ഇമാമിന്‍റെ ജാമ്യഹരജി ഡൽഹി ഹൈകോടതി പരിഗണിച്ചിട്ടില്ല. ഹരജി വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഷർജീൽ ഇമാം സെപ്റ്റംബർ നാലിന് ഹൈകോടതിയിൽ അപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തതവണ കേസ് ലിസ്റ്റ് ചെയ്ത തിയതിയിൽ തന്നെ ഹരജി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നവംബർ 26നാണ് ഇനി കേസ് ഹൈകോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


2022 ഏപ്രിലിന് ശേഷം 60 തവണയായി ഏഴ് വ്യത്യസ്ത ബെഞ്ചുകൾക്ക് മുന്നിൽ ജാമ്യഹരജിയെത്തിയെന്ന് ഷർജീൽ ഇമാം ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് 2020ലെ കലാപവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, യു.എ.പി.എ ചുമത്തുകയായിരുന്നു. 2020 ജനുവരി 28ന് അറസ്റ്റിലായ ഷർജീൽ ഇമാം അന്നുമുതൽ ജയിലിലാണ്. 

Tags:    
News Summary - Supreme Court refuses to entertain Article 32 bail plea by Sharjeel Imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.