ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയാനുള്ള ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഈ മാസം ഒമ്പതിന് അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിൽനിന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് തള്ളി.

മുർസലിൻ അസിജിത് ശൈഖ് എന്ന ഹരജിക്കാരന്റെ അഭിഭാഷകൻ ഹരജി അടിയന്തരമായി കേൾക്കണമെന്ന് രാവിലെ ആവശ്യപ്പെട്ടപ്പോൾ ബുധനാഴ്ചതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ റാഷിദ് ഖാൻ പഠാൻ എന്നയാൾ രാഷ്ട്രപതിക്ക് നൽകിയ പരാതി ആധാരമാക്കിയായിരുന്നു ഹരജി. സമൂഹമാധ്യമങ്ങളിൽ വൈറലായിത്തീർന്ന ഈ പരാതിക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും വിവിധ ബാർ അസോസിയേഷനുകളും രംഗത്തുവന്നിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിനെ പിൻഗാമിയായി നാമനിർദേശം ചെയ്ത ചീഫ് ജസ്റ്റിസ് ലളിത് വിഷയം പരിഗണിക്കാനെടുത്തതിനെ അഭിഭാഷകൻ ചോദ്യംചെയ്തു.

കോവിഡ് വാക്സിനേഷൻ കേസിൽ കക്ഷി ചേരാൻ ഹരജിയുമായി ജൂനിയർ അഭിഭാഷകൻ വന്നപ്പോൾ വിസമ്മതിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, മുതിർന്ന അഭിഭാഷകൻ വന്നപ്പോൾ സമ്മതിച്ചെന്ന് അഭിഭാഷകൻ വാദിച്ചു.

സ്വന്തം മകൻ അഭിഭാഷകനായി വന്ന ബോംബെ ഹൈകോടതി വിധിപറഞ്ഞ കേസ് ജസ്റ്റിസ് ചന്ദ്രചൂഡ് കേട്ടെന്നായിരുന്നു രണ്ടാമത്തെ ആരോപണം.

പൊതുതാൽപര്യ ഹരജിയിൽ ആ കേസിന്റെ ഉത്തരവ് വെച്ചതെവിടെ എന്ന് ചോദിച്ചപ്പോൾ അഭിഭാഷകന് നൽകാനായില്ല. കേസ് നാളേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, എന്ത് വാദിക്കാനാഗ്രഹിച്ചാലും ഉടൻ വാദിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

വാദത്തെ ബലപ്പെടുത്തുന്ന വല്ലതും സമർപ്പിക്കാനുണ്ടെങ്കിൽ അത് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വാദം മുന്നോട്ടുകൊണ്ടുപോകാൻ അഭിഭാഷകന് കഴിയാതെ വന്നതോടെ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഹരജി തള്ളി.

Tags:    
News Summary - Supreme Court rejects plea to stop Chandrachud from becoming Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.