ന്യൂഡൽഹി: വാരണാസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ജവാൻ നൽകിയ ഹരജി സുപ്രീം കോടതി തള്ളി.
ബി.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹദൂർ യാദവായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മോദിക്കെതിരെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് തേജ് ബഹദൂർ മത്സരിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും രേഖകൾ കൃത്യമല്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമീഷൻ പത്രിക തള്ളിയിരുന്നു.
ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു പത്രിക തള്ളിയതെന്നും െതരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബഹദൂറിെൻറ ഹരജി തള്ളിയ അലഹാബാദ് ഹൈകോടതി വിധി ശരിവെച്ചത്.
സൈന്യത്തില്‍നിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലെ പെരുത്തക്കേടുകൾ ചുണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. പത്രിക തള്ളിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജവാൻ അലഹാബാദ് ഹൈകോടതിയിൽ നൽകിയ ഹരജി കഴിഞ്ഞ വർഷം മെയ് ഒന്നിന് കോടതി തള്ളിയിരുന്നു.
സൈനികർക്ക് നൽകുന്ന ഭക്ഷണത്തിെൻറ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ട് സമൂഹമാധ്യമത്തിൽ വിഡിയോ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് 2017ൽ തേജ് ബഹാദൂറിനെ ബി.എസ്.എഫിൽ നിന്ന് പുറത്താക്കിയത്. അതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. ശേഷം സമാജ്വാദി പാർട്ടി ടിക്കറ്റ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.