ന്യൂഡൽഹി: 900 ഫ്ലാറ്റുകളും 40 നിലകളുമുള്ള ഡൽഹിക്കടുത്ത നോയ്ഡയിലെ കൂറ്റൻ സൂപ്പർടെക് ഇരട്ട ടവർ ഭവനസമുച്ചയം തകർക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അനധികൃത നിർമാണത്തിന് ഉത്തരവാദികളായ നോയ്ഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇവിടെ ഫ്ലാറ്റുകൾ വാങ്ങിയവർക്ക് രണ്ടു മാസത്തിനകം മുടക്കിയ തുക തിരിച്ചുനൽകണം. മൂന്നു മാസത്തിനകം കെട്ടിടം സുരക്ഷിതമായി പൊളിക്കാനുള്ള ചെലവ് സൂപ്പർടെക് വഹിക്കണമെന്നും വിധിയിലുണ്ട്.
കേരളത്തിലെ മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധികൂടി ഉദ്ധരിച്ചാണ് സുപ്രീംകോടതി 2014ലെ അലഹബാദ് ഹൈകോടതി വിധി ശരിവെച്ചത്. മരടിൽനിന്ന് വ്യത്യസ്തമായി നോയ്ഡയിൽ ഫ്ലാറ്റ് വാങ്ങിയവർതന്നെ നിർമാണത്തിലെ നിയമവിരുദ്ധമായ നടപടികൾ ചൂണ്ടിക്കാട്ടിയിരുന്നു. അനുമതി നൽകിയ പ്ലാനിെൻറ പകർപ്പ് തങ്ങൾക്ക് നൽകിയില്ലെന്ന് ഫ്ലാറ്റ് വാങ്ങിയവർ പരാതിപ്പെട്ടപ്പോൾ അത് സമർപ്പിക്കാൻ നോയ്ഡ അധികാരികളോട് ആവശ്യെപ്പട്ടിരുന്നു.
അതിന് അവർക്ക് കഴിയാതിരുന്നത് സുപ്രീംകോടതിയെ ചൊടിപ്പിച്ചു. ഹരിത മേഖലയിൽ ഇത്രയും വലിയ നിർമാണ പ്രവൃത്തി അനുവദിച്ചതെങ്ങനെയെന്നും സുപ്രീംകോടതി ചോദിച്ചു. നോയ്ഡ അധികാരികളും നിർമാണ ലോബിയും തമ്മിൽ ഒത്തുകളിച്ച നിരവധി ഉദാഹരണങ്ങളുണ്ടെന്നും നിയമവിരുദ്ധ നിർമാണങ്ങൾ കർശനമായി നേരിടണമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
മഹാനഗരങ്ങളിൽ അനധികൃത നിർമാണങ്ങളുെട വൻവർധനയുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. പെരുകുന്ന ജനത്തെ പാർപ്പിക്കാൻ താമസസൗകര്യം ആവശ്യമാണെങ്കിലും പരിസ്ഥിതിസംരക്ഷണവും താമസക്കാരുടെ സുരക്ഷയും കണക്കിലെടുക്കണം. പരിസ്ഥിതിക്ക് അപകടവും സുരക്ഷമാനദണ്ഡങ്ങൾക്ക് ദോഷവും വരുത്തുന്ന തരത്തിൽ നഗരാസൂത്രണത്തിെൻറ അടിസ്ഥാനത്തെ തകർക്കുന്നതാണ് ഇത്തരം നിർമാണപ്രവർത്തനങ്ങളെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. വിധിക്കെതിരെ പുനഃപരിേശാധന ഹരജി സമർപ്പിക്കുമെന്ന് നിർമാതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.