ചരിത്രപരമായ വായനയിൽ ജമ്മു-കശ്മീർ ഭരണഘടനാ സഭ താൽക്കാലികമാണ്. അതിനാൽ ജമ്മു-കശ്മീർ ഭരണഘടനാസഭ ഇല്ലാതായതോടെ 370ഉം ഇല്ലാതാകും. എന്നാൽ, അവിടുത്തെ സാഹചര്യങ്ങളാൽ 370ാം അനുഛേദം തുടരുകയായിരുന്നു. 370ാം അനുഛേദം താൽക്കാലികമാണ്. ജമ്മു-കശ്മീർ ഭരണഘടനാ സഭയും ഇല്ലാതായാലും 370ാം അനുഛേദം റദ്ദാക്കിയാലും 370(3)ാം അനുഛേദമുപയോഗിച്ച് വിജ്ഞാപനമിറക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം നിലനിൽക്കും. അതല്ലെങ്കിൽ ജമ്മു-കശ്മീരിനെ ഇന്ത്യയുമായി സംയോജിപ്പിക്കാനുള്ള പ്രക്രിയ നിന്നുപോകും. ഭരണഘടനയുടെ 370(1)(ഡി) അനുഛേദം ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടന പൂർണമായും ജമ്മു-കശ്മീരിന് ബാധകമാക്കാനാകും.
ഇന്ത്യൻ ഭരണഘടനയാണ് പരമമെന്ന് കശ്മീർ മഹാരാജാവിന്റെ വിളംബരമുണ്ട്. ജമ്മു-കശ്മീരിന് പരമാധികാരമുണ്ടെന്ന് ജമ്മു-കശ്മീർ ഭരണഘടന എവിടെയും പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ പരമാധികാരമാണ് പ്രഥമം. സംസ്ഥാനത്തിന്റെ പരമാധികാരം പിന്നീടേ വരുന്നുള്ളൂ. മറ്റു സംസ്ഥാനങ്ങൾ അനുഭവിച്ചുവരുന്ന പ്രത്യേകാധികാരങ്ങളിൽനിന്ന് വ്യത്യസ്തമായി ജമ്മു-കശ്മീരിനുമാത്രം പരമാധികാരമില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഏറിയും കുറഞ്ഞും വ്യത്യസ്തമായ ഭരണ, നിയമനിർമാണ അധികാരങ്ങളുണ്ട്.
ഒരു പ്രത്യേക സംസ്ഥാനത്തിന്റെ മാത്രം ആശങ്കകളെ ആ സംസ്ഥാനത്തിനുമാത്രം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഭരണഘടന സംബോധന ചെയ്യുന്നുണ്ട്. ഭരണഘടനയുടെ 371(എ) മുതൽ 371(ജെ) വരെയുള്ള അനുഛേദങ്ങൾ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഇത്തരം ക്രമീകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇതാണ് ഫെഡറലിസത്തിന്റെ രണ്ടു വശങ്ങൾ. ഭരണഘടന അംഗീകരിച്ചപ്പോൾ 370ാം അനുഛേദം ജമ്മു-കശ്മീരിന് ബാധകമായപോലെത്തന്നെയാണിത്.
ഒരു സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ അതിനെ മൊത്തമായോ ഏതെങ്കിലും ഒരു ഭാഗം അടർത്തിയെടുത്തോ കേന്ദ്ര ഭരണപ്രദേശമാക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധി ന്യായത്തിൽ വ്യക്തമാക്കി. സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമാക്കുന്നതുകൊണ്ടുണ്ടാകുന്ന ഫലവും സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതിലൂടെ ഫെഡറലിസത്തിന്റെ തത്വങ്ങളിലും പ്രാതിനിധ്യ ജനാധിപത്യത്തിലും ഉണ്ടാകുന്ന പ്രത്യാഘാതവും നോക്കിയാണ് ഈ അനുഛേദത്തെ വ്യാഖ്യാനിക്കുന്നത്.
ഒരു പ്രദേശത്തുനിന്ന് പുതിയ സംസ്ഥാനമുണ്ടാക്കാനും രണ്ട് സംസ്ഥാനങ്ങൾ ഒരു സംസ്ഥാനമാക്കാനും ഏതെങ്കിലും പ്രദേശത്തെ ഒരു സംസ്ഥാനത്തിന്റെ ഭാഗമാക്കാനും ഭരണഘടനയുടെ 3(എ) അനുഛേദം അനുസരിച്ച് പാർലമെന്റിന് കഴിയും. അതിനാൽ ലഡാക്കിനെ ജമ്മു-കശ്മീരിൽനിന്ന് വേർപെടുത്തി കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടി സാധുവാണ്. അതിന് സംസ്ഥാനത്തിന്റെ സമ്മതം ആവശ്യമില്ല.
ജമ്മു-കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ ഹരജിക്കാർ ചോദ്യം ചെയ്തിട്ടില്ല. 2019 ഒക്ടോബറിൽ അത് പിൻവലിക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണത്തിനുള്ള ഭരണഘടനയുടെ 356ാം അനുഛേദം കേന്ദ്രത്തിന് നൽകുന്ന അധികാരം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയാൽ കേന്ദ്രം കൈക്കൊള്ളുന്ന എല്ലാ തീരുമാനവും കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സംസ്ഥാനത്ത് അപരിഹാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടി രാഷ്ട്രപതി ഭരണകാലത്ത് പാടില്ലെന്ന ഹരജിക്കാരുടെ വാദം സുപ്രീംകോടതി തള്ളി.
ലഡാക്കിനെ വേർപെടുത്തിയ ശേഷം അവശേഷിക്കുന്ന ജമ്മു -കശ്മീരിന് എത്രയും പെട്ടെന്ന് സംസ്ഥാന പദവി നൽകാമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത് സുപ്രീംകോടതി മുഖവിലക്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ സ്വീകരിക്കണം. ജമ്മു-കശ്മീർ പുനഃസംഘടന നിയമത്തിലെ 14ാം വകുപ്പ് പ്രകാരം 2024 സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.