ന്യൂഡൽഹി: ദാവൂദി ബോറ സമുദായത്തിനിടയിൽ പ്രചാരത്തിലുള്ള പെൺ ചേലാകർമം നിരോധിക്കണമെന്ന ആവശ്യത്തോട് സുപ്രീംകോടതിക്ക് യോജിപ്പ്. ഒരു സ്ത്രീ ശരീരത്തിെൻറ പൂർണത അവരുടെ സമ്മതമില്ലാതെ അതിലംഘിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷ നിയമവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമവും അനുസരിച്ച് കുറ്റകരമായ സമ്പ്രദായമാണിതെന്ന് ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചു.
പ്രായപൂർത്തിയായ ശേഷം ഇൗ സമ്പ്രദായം സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതവും പ്രത്യാഘാതവും വിശദമാക്കുന്ന റിപ്പോർട്ട് തങ്ങൾ തയറാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ജയ്സിങ് തുടർന്നു. എന്നാൽ, ദാവൂദി ബോറ സമുദായത്തിലെ സംഘടനക്കു വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക് മനു സിങ്വി ലിംഗേച്ഛദവും ശിശ്നാഗ്രത്തിലെ െതാലി ഛേദിക്കുന്നതും വ്യത്യസ്തമാണെന്നും രണ്ടാമത്തേതാണ് പെൺ ചേലാകർമമെന്നും വാദിച്ചു.
മുസ്ലിംകളിലെ രണ്ട് വിഭാഗങ്ങളാണ് ഇവ അനുഷ്ഠിക്കുന്നതെന്നും അവരിൽ 95 ശതമാനം സ്ത്രീകളും പെൺ ചേലാകർമത്തിന് അനുകൂലമാണെന്ന വാദവും സിങ്വി നിരത്തി. ഇസ്ലാമിക സമൂഹത്തിലെ മുഴുവൻ പുരുഷന്മാരും ചേലാകർമത്തിന് വിധേയരാകുന്നുണ്ടെന്നും സിങ്വി കൂട്ടിച്ചേർത്തു. അതിനാൽ ഭരണഘടനയുടെ 14, 25, 26, 29 അനുേച്ഛദങ്ങൾ നൽകുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയം ഇതിലടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഒരാൾ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അയാൾക്കുമേൽ ഇത് നിർബന്ധിതമായി അടിച്ചേൽപിക്കാമോ എന്നതാണ് ചോദ്യമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിനോട് പ്രതികരിച്ചു.
ഒരു സ്ത്രീയുടെ ശാരീരികമായ പൂർണത ബാഹ്യമായ അധികാരകേന്ദ്രത്തിന് വിധേയമാകുന്നതെന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കേസിൽ ഇൗ മാസം 16ന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.