ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിക്കപ്പെട്ട ഡല്‍ഹി യൂനിവേഴ്സിറ്റി മുൻ പ്രഫസര്‍ ജി.എന്‍. സായിബാബയെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കൂടാതെ, ബോംബെ ഹൈകോടതിയിലേക്ക് കേസ് സുപ്രീംകോടതി മടക്കി അയച്ചു.
പുതിയ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കണമെന്നും നാല് മാസത്തിനകം തീരുമാനം എടുക്കണമെന്നും ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകി. ഹൈകോടതി വിധിക്കെതിരെ എൻ.ഐ.എ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മെയ് ഒമ്പതിനാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്ന ജി.എന്‍. സായിബാബയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാർഥിയായ ഹേമന്ത് മിശ്രയുടെ മൊഴിയാണ് സായിബാബക്കെതിരായ തെളിവായി പൊലീസ് നിരത്തിയത്.
മാവോവാദികളുമായി സായിബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോവാദി ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് ആരോപിച്ചു. കേസില്‍ 2016ല്‍, സുപ്രീംകോടതി ജാമ്യം നല്‍കിയെങ്കിലും, 2017 മാര്‍ച്ച് ഏഴിന് ഗച്രോളി ജില്ലാ സെഷന്‍സ് കോടതി സായിബാബക്ക് എതിരായ ആരോപണങ്ങള്‍ ശരിവച്ച് യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗച്ച്‌റോളി വിചാരണക്കോടതിയുടെ 2017ലെ വിധിക്കെതിരെ ബോംബെ ഹൈകോടതിയിൽ നല്‍കിയ അപ്പീൽ സായിബാബയെ വെറുതെവിട്ട് ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. കൂടാതെ, കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു. തുടർന്ന് എട്ട് വര്‍ഷത്തെ ഏകാന്ത തടവിന് ശേഷം സായിബാബ ജയിൽ മോചിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.