ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ്-കൃഷ്ണജന്മഭൂമി കേസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും മഥുര ജില്ലാ കോടതിയിൽ നിന്ന് മാറ്റിയ അലഹബാദ് ഹൈകോടതി ഉത്തരവിനെതിരായ ഹരജികൾ സുപ്രീംകോടതിക്ക് ഒക്ടോബർ മൂന്നിന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും സുധാൻഷു ദുലിയയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കഴിഞ്ഞ മെയ് 26നാണ് ഷാഹി ഈദ്ഗാഹ്-കൃഷ്ണജന്മഭൂമി തർക്കകേസ് അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റാൻ ഹൈകോടതി തന്നെ ഉത്തരവിട്ടത്. തർക്കകേസ് മഥുര ജില്ല കോടതിയിൽ നിന്ന് ഹൈകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മേയ് മൂന്നിന് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്.
2022 ഡിസംബർ 24ന് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ ആവശ്യം അംഗീകരിച്ച് മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേ നടത്താൻ ഉത്തർപ്രദേശ് കോടതി ഉത്തരവിട്ടിരുന്നു. 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതിക്കു വിരുദ്ധമായി രാജ്യത്ത് ഒരു ആരാധനാലയത്തിനു മേലും അവകാശവാദമുന്നയിക്കരുതെന്ന 1991ലെ ആരാധനാലയ നിയമപ്രകാരം മഥുര സിവിൽ കോടതി നിയമവിരുദ്ധമാണെന്നു കണ്ട് തള്ളിയ ഹിന്ദുസേനയുടെ ആവശ്യമാണ് അന്ന് കോടതി അനുവദിച്ചത്.
കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് 17-ാം നൂറ്റാണ്ടിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് നിർമിച്ചതെന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.