ന്യൂഡൽഹി: തടവുശിക്ഷ സ്റ്റേ ചെയ്തിട്ടും, പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കാത്ത ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും.
10 വർഷം തടവ് വിധിച്ച വിധി വന്ന് രണ്ടു ദിവസം കൊണ്ട് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവു പുറപ്പെടുവിപ്പിച്ച ലോക്സഭ സെക്രട്ടേറിയറ്റ്, കുറ്റവും ശിക്ഷയും സ്റ്റേ ചെയ്ത് കേരള ഹൈകോടതി വിധി പുറപ്പെടുവിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും ഇത് പിൻവലിച്ചിട്ടില്ല. ഇതേ തുടർന്നാണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി വഴി ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ ചൊവ്വാഴ്ച വാദം കേൾക്കുക.
ഹൈകോടതിയുടെ സ്റ്റേ ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണെന്ന് അഭിഷേക് സിങ്വി ചൂണ്ടിക്കാണിച്ചപ്പോൾ, അതും ഇതിനൊപ്പം പരിഗണിക്കാൻ ബെഞ്ച് നിർദേശിച്ചു. ഫൈസലിനെ തിടുക്കപ്പെട്ട് അയോഗ്യനാക്കാൻ ഉത്സാഹിച്ച സെക്രട്ടേറിയറ്റ്, സ്റ്റേ വന്നിട്ടും അത് പിൻവലിക്കാതെയിരിക്കുകയാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരി 11നാണ് ഫൈസലിനെ ശിക്ഷിക്കുന്നത്. 13നു തന്നെ അയോഗ്യനാക്കി ഉത്തരവ് വന്നു. എന്നാൽ, ജനുവരി 25ന് സ്റ്റേ വന്നുവെങ്കിലും സെക്രട്ടേറിയറ്റ് ഇതുവരെ അനങ്ങിയില്ലെന്നും അദ്ദേഹം ശ്രദ്ധയിൽപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.