ന്യൂഡൽഹി: 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25നുമിടയിൽ അസമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന 1955ലെ പൗരത്വ നിയമത്തിന്റെ ‘6 എ’ വകുപ്പ് ഭരണഘടനപരമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു. ദശലക്ഷക്കണക്കിന് ബംഗാളി വംശജർക്ക് ആശ്വാസകരമാകുന്ന വിധിയാണിത്. സംസ്ഥാനത്തെ വ്യത്യസ്ത വംശീയ വിഭാഗങ്ങളുടെ സാന്നിധ്യം സ്വന്തം സംസ്കാരവും ഭാഷയും സംരക്ഷിക്കാനുള്ള തദ്ദേശീയരായ ജനതയുടെ മൗലികാവകാശത്തെ ഹനിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ്, മനോജ് മിശ്ര എന്നിവർ ഈ നിലപാടിന് മേലൊപ്പ് ചാർത്തിയപ്പോൾ ഇതിനോട് വിയോജിച്ച ജസ്റ്റിസ് ജെ.ബി. പർദീവാല ‘6 എ’ ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ സുന്ദരേഷും മനോജ് മിശ്രയും ചേർന്ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റേതായ അനുബന്ധ വിധി പ്രസ്താവം പ്രത്യേകം എഴുതി.
1950 ന് മുമ്പ് അസമിൽ വന്നവർക്ക് മാത്രമേ ഇന്ത്യൻ പൗരത്വം നൽകാവൂ എന്നും ‘6 എ’ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ‘അസം സന്മിലിത മഹാസൻഘ’ 2009ൽ സമർപ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി വിധി. ജംഇയ്യതുൽ ഉലമായെ ഹിന്ദ് അടക്കമുള്ളവർ ഹരജിക്കെതിരെ കേസിൽ കക്ഷി ചേർന്നിരുന്നു.
അസം ഉടമ്പടി പ്രകാരമാണ് ഇത്തരമൊരു വ്യവസ്ഥ പൗരത്വ നിയമത്തിൽ കൊണ്ടുവന്നതെന്ന് സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റത്തിനുള്ള രാഷ്ട്രീയ പരിഹാരമായിരുന്നു അസം ഉടമ്പടിയെങ്കിൽ അതിന്റെ നിയമപരമായ പരിഹാരമായിരുന്നു ‘6 എ’ എന്ന് വിധി തുടർന്നു. തദ്ദേശീയ ജനതയെ സംരക്ഷിച്ചുകൊണ്ടാണ് മാനുഷികമായ ആശങ്കക്ക് പൗരത്വ നിയമത്തിലെ ഈ വകുപ്പ് പരിഹാരം കണ്ടതെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.