സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിൽ വാദം ഇന്ന് മുതൽ; കോടതി പരിശോധിക്കുന്നത് പ്രധാന മൂന്ന് ചോദ്യങ്ങൾ

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിൽ ചൊവ്വാഴ്ച മുതൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കും.

വിദ്യാഭ്യാസത്തിലും നിയമനങ്ങളിലും 10 ശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്തി മോദിസർക്കാർ 2019ൽ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് സുപ്രീംകോടതിയിൽ ചോദ്യംചെയ്തിട്ടുള്ളത്. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം കണക്കിലെടുത്ത് സംവരണം അനുവദിക്കാമോ എന്നതാണ് വിവിധ ഹരജികളിലെ പ്രധാന ചോദ്യം.

അഞ്ചു ദിവസംകൊണ്ട് പ്രാരംഭവാദം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വിഷയം പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പർദിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

കോടതി പരിശോധിക്കുന്നത് പ്രധാന മൂന്ന് ചോദ്യങ്ങൾ

ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹരജികളിലെ നാല് ചോദ്യങ്ങളാണ് ഡ്രാഫ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് ചോദ്യങ്ങൾ പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്.

1. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം ഉൾപ്പെടെയുള്ള പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ. 

2. സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ.

3. എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ)/ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) / പട്ടികജാതി-പട്ടികവർഗങ്ങൾ എന്നിവയെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായി ശരിയാണോ. 

Tags:    
News Summary - Supreme Courts three-question test for validity of EWS quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.