പൂണെ: ഇൻഡ്യ മുന്നണിയിൽ മമത കൂടുതൽ ഉത്തരവാദിത്തമേറ്റെടുത്താൽ സന്തോഷമെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സുപ്രിയ സുലെയുടെ പരാമർശം. ഇൻഡ്യ സഖ്യത്തിൽ ഒഴിവാക്കാനാകാത്ത വ്യക്തിയാണ് മമത ബാനർജിയെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വലിയ പങ്കുവഹിക്കാൻ സാധിക്കും. മമത കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പശ്ചിമബംഗാളിൽ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ വിജയകരമായ മാതൃകയാണ് തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജി കാണിച്ചു തന്നതെന്നും സുപ്രിയ സുലെ പറഞ്ഞു.
അവർ ഒരു പ്രസ്താവന മുന്നോട്ട് വെച്ചിരിക്കുയാണ്. പശ്ചിമബംഗാളിൽ ബി.ജെ.പിയെ അധകാരത്തിൽ നിന്നും അകറ്റിനിർത്താൻ വിജയകരമായ മാതൃകയാണ് അവർ കാണിച്ച് തന്നത്. മികച്ച സാമൂഹികക്ഷേമ പദ്ധതികൾ അവർ കൊണ്ടുവന്നു. തെരഞ്ഞെടുപ്പിലെ അവരുടെ പരിചയും പോരാടാനുള്ള താൽപര്യവും ഇൻഡ്യ സഖ്യത്തിന് ഉപയോഗപ്പെടുത്താനാവും. മുതിർന്ന നേതാക്കളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ‘ഇൻഡ്യാ’ സഖ്യത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. അവസരം ലഭിച്ചാൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള തന്റെ ഉദ്ദേശ്യം അവർ സൂചിപ്പിക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രിയായി തുടരുമ്പോൾ തന്നെ പ്രതിപക്ഷ മുന്നണിയുടെ ഇരട്ട ഉത്തരവാദിത്തം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഞാൻ ഇൻഡ്യാ ബ്ലോക്ക് രൂപീകരിച്ചിരുന്നു. ഇപ്പോൾ അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിക്ക് നേതൃത്വം നൽകുന്നവരാണ്. അവർക്കത് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാനെന്തുചെയ്യും? എല്ലാവരെയും ഒപ്പം കൊണ്ടുപോകണമെന്നാണ് പറയാനുള്ളതെന്നും മമത വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.