സൂറത്ത്: ഉത്തരേന്ത്യൻ നഗരങ്ങൾ പ്രകാശപൂരിതമാകുന്ന രാവാണ് ദീപാവലിയുടേത്. വീടുകളും ആരാധനാലയങ്ങളും കടകളുമെല്ലാം വെളിച്ചത്തിൽ മുങ്ങും. എന്നാൽ, ഗുജറാത്തിെൻറ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന സൂറത്തിൽ ഇത്തവണ വെളിച്ചം കുറവായിരിക്കും.
കാരണം അവിടെയുള്ള വസ്ത്രവ്യാപാരികൾ പ്രതിഷേധത്തിലും രോഷത്തിലുമാണ്. ജി.എസ്.ടി എന്ന ചരക്കുസേവന നികുതി തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയതിലാണ് ഇവർക്ക് പ്രതിഷേധം. ജീവിതത്തിൽ ഇന്നോളം അനുഭവിക്കാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാൾ ദീപാവലിതന്നെ പ്രതിഷേധ ദിനമാക്കാനാണിവർ തീരുമാനിച്ചിരിക്കുന്നത്.
സൂറത്തിലെ 150 വസ്ത്രവ്യാപാര മാർക്കറ്റുകളാണ് ‘കറുത്ത ദീപാവലി’ ആചരിച്ച് സർക്കാർ നടപടിക്കെതിരെ പ്രതികരിക്കാൻ ഒരുങ്ങിയത്. വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്. തങ്ങളുടെ ദീപാവലിയെ ജി.എസ്.ടി പരിഷ്കാരം നിറംകെടുത്തിയെന്ന സന്ദേശം സർക്കാറിന് നൽകാനാണ് കറുത്ത ദീപാവലി ആചരിക്കുന്നതെന്ന് ഫെഡറേഷൻ ഒാഫ് സൂറത്ത് ടെക്സ്റ്റൈൽ ട്രേഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ചാമ്പലാൽ ഭോത്ര മാധ്യമങ്ങളോട് പറഞ്ഞു. ചെറുകിട കച്ചവടക്കാരുടെ അവസ്ഥയാണ് പരിതാപകരമെന്നും ഇവർ മറ്റു കച്ചവടങ്ങളിലേക്കും ജോലിയിലേക്കും മാറുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൂറത്തിലെ പ്രശസ്തമായ റിങ് റോഡിലെ 150 മാർക്കറ്റുകളിലായുള്ള അറുപതിനായിരത്തോളം കടകളിൽനിന്നാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വസ്ത്രങ്ങളെത്തുന്നത്. ജി.എസ്.ടി നടപ്പാക്കിയശേഷം ഇവിടെ ഉൽപാദനവും വലിയ അളവിൽ ഇടിഞ്ഞിട്ടുണ്ട്. ആറുലക്ഷത്തിലധികം നെയ്ത്ത് യന്ത്രങ്ങളിൽനിന്നായി നാലുകോടി മീറ്റർ തുണി ഉൽപാദിപ്പിച്ചിരുന്ന ഇവിടെ പല ഫാക്ടറികളും ഉൽപാദനം വെട്ടിക്കുറച്ചതായി ഫെഡറേഷൻ ഒാഫ് ഗുജറാത്ത് വീവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് അശോക് ജിറാവാല ചൂണ്ടിക്കാട്ടി. നൂറിലേറെ യന്ത്രങ്ങളുള്ള ഫാക്ടറി ഉടമകൾക്ക് വലിയ പ്രതിസന്ധിയില്ലെന്നും ചെറുകിടക്കാരാണ് വൻ പ്രതിസന്ധിയിലൂടെ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയുടെ ആഴം പലവട്ടം സർക്കാർ പ്രതിനിധികളെ ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. കേന്ദ്ര സർക്കാറിന് നല്ല ബുദ്ധി തോന്നെട്ട എന്ന പ്രാർഥന മാത്രമാണപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ഇൗ വസ്ത്ര വ്യാപാരികൾ വിലപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.