നിയന്ത്രണംവിട്ട എസ്.യു.വി ഡിവൈഡറിന് മുകളിലൂടെ മറുഭാഗത്ത്; സ്കൂട്ടറിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം -Video

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധയെ തുടർന്നുണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം. റോഡിലെ ഡിവൈഡർ കടന്ന് മറുവശത്തെ ലെയ്നിലൂടെ കടന്നു പോകുകയായരുന്ന സ്കൂട്ടറിലേക്ക് എസ്.യു.വി കാർ ഇടിക്കുകയായിരുന്നു. സംഭവത്തിന്‍റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറോടിച്ച ഗോപാൽ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമുള്ള നരഹത്യക്കുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

നരോദ-ദേഹ്ഗാം റോഡിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറിൽ കയറിയ വാഹനം എതിർവശത്തെ ലെയ്നിലൂടെ വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. അമിത് റാത്തോഡ് (26), വിശാൽ റാത്തോഡ് (27) എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ തടിച്ചുകൂടിയ ജനക്കൂട്ടം കാർ ഡ്രൈവറെ തല്ലിച്ചതച്ച ശേഷമാണ് പൊലീസിന് കൈമാറിയത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം 2022ൽ രാജ്യത്ത് 4.61 ലക്ഷം വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 1.68 ലക്ഷം പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ശരാശരി 450 അപകട മരണം ഓരോ ദിവസവും ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മരിക്കുന്നവരിൽ 70 ശതമാനവും 45 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. 70 മുതൽ 75 ശതമാനം വരെ അപകടവും മരണവും അമിത വേഗത കാരണമാണ് സംഭവിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കൽ, റെഡ് സിഗ്നൽ മറികടക്കൽ, തെറ്റായ ദിശയിൽ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - SUV Driven By Drunk Man Jumps Divider, Crashes Into Scooter, 2 Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.