മുസാഫർപുർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 55കാരനെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. വേദനക്ക് കാരണമായി കണ്ടെത്തിയത് വൻകുടലിലെ ഗ്ലാസായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. ബീഹാറിലെ മുസാഫർനഗറിലാണ് അമ്പരപ്പിച്ച സംഭവം ഉണ്ടായത്.
ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങിയെന്നാണ് രോഗി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ വായിലൂടെ വിഴുങ്ങുന്ന വലുപ്പമുള്ള ഗ്ലാസ് ഒരുകാരണവശാലും വൻകുടൽ വരെ എത്തില്ലെന്ന് ഡോക്ടർമാർ പറയുന്നു. വൻകുടലിൽ ഗ്ലാസ് എത്തണമെങ്കിൽ അത് മലദ്വാരത്തിലൂടെയായിരിക്കും ഉള്ളിലേക്ക് പോയിട്ടുണ്ടാകുക എന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്. എന്നാൽ രോഗിയുടെ സ്വകാര്യത മാനിച്ച് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനയ്ക്ക് മുതിരുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
മഡിപ്പുർ പട്ടണത്തിലെ ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു 55കാരനായ രോഗി. എക്സ് റേ പരിശോധനയിൽ രോഗിയുടെ വൻകുടലിൽ എന്തോ വസ്തു കുടുങ്ങിയിരിക്കുന്നതായി വ്യക്തമായി. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇതൊരു ഗ്ലാസാണെന്ന് മനസിലായത്. തുടർന്ന് രോഗിയോട് വിവരം അന്വേഷിച്ചപ്പോഴാണ് ചായ കുടിച്ചപ്പോൾ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങിയ കഥ പറയുന്നത്. മനുഷ്യ ശരീരത്തിന്‍റെ പ്രത്യേകത കാരണം വായിലൂടെ ഇത്രയും വലിയ ഒരു വസ്തു വിഴുങ്ങിയാൽ അത് ചെറുകുടൽ കടന്ന് വൻകുടലിൽ എത്തില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഗ്ലാസ് എൻഡോസ്കോപ്പിയിലൂടെ എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നാലു മണിക്കൂറോളം നീണ്ട മേജർ ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്. രോഗി സുഖംപ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ മഖ്ദുലുൽ ഹഖിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.