ലൈംഗികാതിക്രമങ്ങൾ നേരിട്ട സ്ത്രീകൾക്ക് അവ സധൈര്യം തുറന്നു പറയാനും, പല പുരുഷൻമാരുടെയും പൊയ്മുഖങ്ങൾ തുറന്നു കാട്ടാനും കിട്ടിയ അവസരമായിരുന്നു മി ടൂ കാമ്പയിൽ. സെലബ്രിറ്റികൾ ഉൾപ്പെടെ നൂറുകണക്കിന് സ്ത്രീകൾ ലോകത്താകമാനം ഈ ക്യാമ്പയിന്റെ ഭാഗമായി. ഇന്ത്യയിലും മി ടു ക്യാമ്പയിൻ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇപ്പോൾ, താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി മുൺമൂൺ ദത്ത.
'താരക് മേത്ത കാ ഉൾട്ട ചഷ്മ' സീരിയലിൽ ബബിത അയ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് മുൺമൂൺ. ചെറുപ്പം മുതൽക്കേ താൻ നേരിട്ട ദുരനുഭവങ്ങൾ എഴുതുമ്പോൾ കണ്ണുകൾ നിറയുന്നു എന്ന് മുൺമൂൺ ദത്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെയുള്ള ഇത്തരമൊരു ക്യാമ്പയിനിൽ ഭാഗമാകുന്നത്, അത് എത്രത്തോളം ഗൗരവമുള്ള കാര്യമാണ് എന്ന് കാണിക്കുന്നു. നല്ലവരായി നടിക്കുന്ന ചില പുരുഷന്മാർക്ക് എതിരെ ആരോപണമുന്നയിച്ച സ്ത്രീകളുടെ എണ്ണം കണ്ടിട്ട് താൻ ഞെട്ടിപ്പോയിട്ടുണ്ട് - മുൺമൂൺ പറയുന്നു.
ഇത് നിങ്ങൾ ഓരോരുത്തരുടെയും പരിസരത്തും വീടുകളിലും സംഭവിക്കുന്നതാണ്. നിങ്ങളുടെ സഹോദരിക്കും മകൾക്കും അമ്മയ്ക്കും ഭാര്യക്കും ജോലിക്കാരിക്കുമെല്ലാം സംഭവിക്കുന്നതാണ്. നിങ്ങൾ അവരുടെ വിശ്വാസം ആർജിച്ച ശേഷം അവരോട് ചോദിച്ചു നോക്കൂ. അവരുടെ മറുപടികളും കഥകളും കേട്ട് നിങ്ങൾ ഞെട്ടും.
ഇതെഴുതുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾ എന്നെ കണ്ണീരിലാക്കുന്നു. അയൽപക്കത്തെ ഇരപിടിയൻ അങ്കിളിന്‍റെ കണ്ണുകൾ എപ്പോഴും എൻറെ മേൽ ആയിരുന്നു. എന്നെ തൊടാൻ ഉള്ള അവസരങ്ങൾ തേടുകയും ഒന്നും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. എൻറെ മുതിർന്ന ബന്ധുക്കൾ അവരുടെ മക്കളെ നോക്കുന്നതിൽ നിന്നും വ്യത്യസ്തമായിട്ടാണ് എന്നെ നോക്കിയിരുന്നത്. ഞാൻ ജനിച്ചപ്പോൾ ആശുപത്രിയിൽ എന്നെ കണ്ട ആൾക്ക് 13 വർഷത്തിനു ശേഷം എൻറെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടായപ്പോൾ എന്നെ തൊടാൻ തോന്നുന്നു. ട്യൂഷൻ ടീച്ചറുടെ കൈകൾ അടിവസ്ത്രത്തിൽ തൊടുന്നു. മറ്റൊരു ടീച്ചർ പെൺകുട്ടികളുടെ ബ്രായുടെ വള്ളികൾ പിടിച്ചു വലിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്നു. റെയിൽവേസ്റ്റേഷനിൽ കാണുന്ന മനുഷ്യൻ കടന്നു പിടിക്കുന്നു. ഇതൊക്കെ എന്തുകൊണ്ടാണ് ? നിങ്ങൾ ചെറുപ്പവും തുറന്നുപറയാൻ ഭയമുള്ളതുകൊണ്ടുമാണ്.
നിങ്ങൾക്ക് ഇത് നിങ്ങളുടെ രക്ഷിതാക്കളോട് പറയാൻ ആവുന്നില്ല. ഇതോടെ നിങ്ങൾ പുരുഷന്മാർക്ക് എതിരെ വിദ്വേഷത്തിൽ ആകുന്നു. അവരാണ് നിങ്ങളെ ഇങ്ങനെ ആക്കിയതിൽ കുറ്റക്കാരെന്ന് നിങ്ങൾക്കറിയാം. അപമാനിതയാകുന്ന ആ അനുഭവങ്ങളെ മറികടക്കാൻ വർഷങ്ങളെടുക്കും. മി ടൂ മൂവ്മെന്റിന്റെ ഭാഗമാകാൻ സന്തോഷമുണ്ട്. ഇന്ന് എൻറെ നേർക്ക് എന്തെങ്കിലുമൊന്ന് ചെയ്യുന്ന പുരുഷനെ ഒഴിവാക്കാൻ എനിക്കാവും. എന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട് - മുൺമൂൺ ദത്ത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.