ലോസ് ഏഞ്ചൽസ്: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ തേടിയെത്തിയത് മൂന്ന് ഗ്രാമി അവാർഡുകൾ. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് സംഗീത ലോകത്തെ ജനപ്രിയ പുരസ്കാരം സ്വന്തമായത്. ഫ്ലൂട്ട് വിദഗ്ധൻ രാകേഷ് ചൗരസ്യ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി.
ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ 'പാഷ്‌തോ' എന്ന ഗാനത്തിലൂടെയാണ് രാകേഷ് ചൗരസ്യ, ബെല െഫ്ലക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവർക്കൊപ്പം സക്കീര്‍ ഹുസൈന്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉള്‍ക്കൊള്ളുന്ന 'അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ്' എന്ന ഗാനത്തെ പിന്തള്ളിയാണ് 'പാഷ്‌തോ' പുരസ്‌കാര നേട്ടത്തിലെത്തിയത്. ഫാല്‍ഗുനിയും ഗൗരവ് ഷായും ചേര്‍ന്നാണ് ഗാനം രചിച്ച് ആലപിച്ചിരുന്നത്.
ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡായ ‘ശക്തി’യുടെ ഏറ്റവും പുതിയ ആൽബമായ ‘ദിസ് മൊമെന്റ്’ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള അവാർഡാണ് കരസ്ഥമാക്കിയത്. 2023 ജൂണിലാണ് ‘ദിസ് മൊമന്റ്’ റിലീസ് ചെയ്തത്. ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ, ജോൺ മക് ലോഗ്ലിൻ, വി. സെൽവഗണേഷ്, ഗണേഷ് രാജഗോപാലൻ എന്നിവരടങ്ങിയ സംഘം ചിട്ടപ്പെടുത്തിയ എട്ട് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.
രാകേഷ് ചൗരസ്യ, ബെല െഫ്ലക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവർക്കൊപ്പം സാക്കിര്‍ ഹുസൈന്‍ ഒരുക്കിയ 'ആസ് വി സ്പീക്ക്' എന്ന ആല്‍ബം മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരവും സ്വന്തമാക്കി.
2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി പണിഗണിച്ചത്. പോപ് ഗായിക ടെയിലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടു. ടെയിലർ സ്വിഫ്റ്റിനെയും ബില്ലി എലിഷിനെയും പിന്നിലാക്കി മികച്ച സോളോ പോപ് പെർഫോമൻസിനുള്ള അവാർഡ് മിലി സൈറസ് സ്വന്തമാക്കി. ഈ വർഷത്തെ മികച്ച കൺട്രി ആൽബമായി ലെയ്‌നി വിൽസൺന്റെ ‘ബെൽബോട്ടം കൺട്രി’യും മികച്ച അർബൻ ആൽബമായി കരോൾ ജിയുടെ മാനാനാ സെറ ബോണിട്ടോയും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.