തമിഴ്‌നാട്ടിൽ സഖ്യം തുടരാൻ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും; തീരുമാനം അമിത്ഷായുമായുള്ള ചർച്ചയെത്തുടർന്ന്

ചെന്നൈ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സഖ്യം തുടരാൻ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും തീരുമാനിച്ചു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കുശേഷം എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് തീരുമാനം അറിയിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായി അഭിപ്രായഭിന്നതയില്ലെന്നും ഇരുകക്ഷികളും ഒരുമിച്ചു മുന്നോട്ടുപോകുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.

ബി.ജെ.പി.യുമായി അടുപ്പം പുലർത്തിയിരുന്ന ഒ. പനീർശെൽവത്തെ പുറന്തള്ളി എടപ്പാടി പളനിസ്വാമി ഐ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിസ്ഥാനത്തെത്തിയതോടെ ഇരുകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാൽ താൻ സ്ഥാനമൊഴിയുമെന്ന് അണ്ണാമലൈ ഭീഷണി മുഴക്കിയതായും വാർത്തയുണ്ടായിരുന്നു. ഭിന്നത രൂക്ഷമായിരിക്കേയാണ് എടപ്പാടി ഡൽഹിയിലെത്തി അമിത് ഷായുമായി ചർച്ചനടത്തിയത്. അതിനുശേഷം പത്രസമ്മേളനത്തിൽ സഖ്യം തുടരാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടശേഷമാണ് പളനിസ്വാമി അമിത് ഷായുമായി ചർച്ചനടത്തിയത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ.യുടെ ഉന്നതനേതാക്കളും ചർച്ചയിൽ പങ്കാളികളായി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുചർച്ച പിന്നീട് നടത്താനും ധാരണയായി.

Tags:    
News Summary - Tamil Nadu: AIADMK and BJP Alliance Set to Continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.