ചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. ചതുപ്പുമേഖലയിൽ നിലയുറപ്പിച്ച ആനയുടെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. പുതിയ ആവാസവ്യവസ്ഥയിൽ അരിക്കൊമ്പൻ തൃപ്തനാണെന്നാണ് കടുവാ സങ്കേതം ഡയറക്ടർ നൽകിയ റിപ്പോർട്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
കടുവാ സങ്കേതത്തിലെ മുതുക്കുഴിവയൽ ചതുപ്പുമേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നതും തീറ്റ തേടുന്നതും. ആനയെ നിരീക്ഷിക്കാനായി കാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കടുവാ സങ്കേതം ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളി. അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാൻ ദേശീയോദ്യാനത്തിൽ എത്തിക്കണം എന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫാണ് ഹരജി നൽകിയത്.
ഹരജിയിൽ ഹൈകോടതി വനംവകുപ്പിന്‍റെ നിലപാട് തേടിയിരുന്നു. എന്നാൽ, ആന ആരോഗ്യവാനാണെന്നും മതിയായ തീറ്റയും വെള്ളവും ലഭിക്കുന്നുണ്ടെന്നും നിലവിലെ സ്ഥലത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ആനയെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.