ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ അവതരിപ്പിച്ച ബജറ്റ് പാവപ്പെട്ടവർക്കെതിരായതും വികസന വിരുദ്ധവുമാണെന്നും ടി.ഡി.പി ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ നാരാ ലോകേഷ്. ഒരു കൈ കൊണ്ട് 10 രൂപ നൽകി മറുകൈ കൊണ്ട് 100 തിരിച്ചെടുക്കുന്ന വിലകുറഞ്ഞ തന്ത്രമാണ് ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പി നടത്തുന്നതെന്ന് തെളിഞ്ഞതായും നാരാ ലോകേഷ് ചൂണ്ടിക്കാട്ടി.
2022-23 സാമ്പത്തിക വർഷത്തിൽ മദ്യവിൽപനയിലൂടെ 16,500 കോടി രൂപയുടെ വരുമാനമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി മദ്യ നിരോധനം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും സർക്കാർ മലക്കം മറിഞ്ഞിരിക്കുന്നു. വെറും 6,000 കോടി രൂപയുടെ എക്സൈസ് വരുമാനമാണ് ചന്ദ്രബാബു നായിഡു സർക്കാർ ലക്ഷ്യമിട്ടത്. 'ആരോഗ്യ ശ്രീ' പദ്ധതിക്കായി 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കുടിശ്ശിക അടക്കാത്തതിനാൽ സംസ്ഥാനത്തെ ഒരു ആശുപത്രിയും ഈ കാർഡുകൾ സ്വീകരിക്കുന്നില്ലെന്നും നാരാ ലോകേഷ് ചൂണ്ടിക്കാട്ടി.
നൂൽ സബ്‌സിഡി ലഭിക്കാത്തിനെ തുടർന്ന് 25ലധികം നെയ്ത്തുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 3.5 ലക്ഷം നെയ്ത്തുകാരുടെ കുടുംബങ്ങളിൽ വെറും 80,000 പേർക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാക്കിയത്. ഹൈകോടതി ഉത്തരവുണ്ടായിട്ടും അമരാവതി തലസ്ഥാന പദ്ധതിക്ക് ജഗൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെയും നാരാ ലോകേഷ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.