ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരിക്കാനിടയായ സംഭവം സിഗ്നൽ പിഴവോ മാനുഷിക പിഴവുകളോ എന്ന ചോദ്യമുയരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.50 നും 7.10നും ഇടയിലാണ് ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഷാലിമാർ -ചെന്നെ കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ച് പാളം തെറ്റുകയും ആ സമയം അതുവഴി വന്ന യശ്വന്ത്പുർ -ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയുമാണ് ഉണ്ടായത്.
വായുവിലേക്ക് ഉയർന്ന് നിൽക്കുന്ന അവസ്ഥയിലായിരുന്നു കോച്ചുകൾ. ഒരു കോച്ച് തലകീഴായി മറിഞ്ഞു. രണ്ടു ട്രെയിനുകളിയേലതുമായി 17 കോച്ചുകൾ പൂർണമായും തകർന്നു.
കോറമാണ്ഡൽ എക്സ്പ്രസ് എങ്ങനെയാണ് ചരക്ക് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിൽ എത്തിയത് എന്നതു സംബന്ധിച്ചാണ് സംശയമുയരുന്നത്. അത് സാങ്കേതിക പിഴവുമൂലമോ മാനുഷിക പിഴവ് മൂലമോ സംഭവിച്ചതാണോ? വിദഗ്ധരായ പലരും സിഗ്നലിലുണ്ടായ പാളിച്ചയാകാം അതിനു കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഷാലിമാർ കോറമാണ്ഡൽ എക്സ്പ്രസ് പ്രധാനലൈനിലൂടെ സഞ്ചരിക്കേണ്ടതിന് പകരം ചരക്ക് ട്രെയിൻ നിർത്തിയിട്ട ലൂപ് ലൈനിലേക്ക് കയറുകയും മണിക്കൂറിൽ 127 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് കോച്ചുകൾ പാളം തെറ്റി പ്രധാനലൈനിലേക്ക് വീണു. ഈ സമയം പ്രധാന ലൈനിലൂടെ വന്ന യശ്വന്ത്പൂർ -ഹൗറ എക്സ്പ്രസ് പാളം തെറ്റിയ കോച്ചുകളിൽ ഇടിച്ച് അവയും പാളം തെറ്റുകയായിരുന്നു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് കോറമാണ്ഡൽ എക്സ്പ്രസ് തെറ്റായ ട്രാക്കിലേക്ക് കയറിയത് സിഗ്നൽ പിഴവാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.