ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ശൈശവ വിവാഹിതർക്കെതിരായ നടപടി ഒരു പെൺകുട്ടിയുടെ മരണത്തിനിടയാക്കിയെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ഗൗരവ് ഗൊഗോയി. ബോൺഗയ്ഗോൾ ജില്ലാ സ്വദേശി 16കാരിയായ ഗർഭിണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു.
‘ഈ നിഷ്കളങ്കയായ പെൺകുട്ടിയുടെ മരണത്തിന് ബി.ജെ.പിയാണ് ഉത്തരവാദി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിഢ്ഡിത്തം നിറഞ്ഞ നടപടികൾ മൂലം ഗർഭിണികളായ കുട്ടികൾ പ്രസവത്തിന് ആശുപത്രിയെ സമീപിക്കുന്നില്ല. ഇത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. പിതാവാണെങ്കിൽ ജയിലിലും’ -ഗൊഗോയ് ട്വീറ്റ് ചെയ്തു.
18 വയസിനു താഴെയായതിനാൽ പെൺകുട്ടി പ്രസവത്തിന് ആശുപത്രിയെ സമീപിക്കാൻ മടിച്ചുവെന്ന് കോൺഗ്രസ് എം.പി ആരോപിച്ചു. ആശുപത്രിയിൽ വയസ് വെളിപ്പെട്ടാൽ ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് പെൺകുട്ടി വീട്ടിൽ പ്രസവിക്കാൻ തീരുമാനിച്ചത്.
പെൺകുട്ടി പ്രസവം ആശാ വർക്കറെ പോലും അറിയിച്ചില്ല. പ്രസവത്തിനിടെ രക്തസ്രാവമുണ്ടായാണ് പെൺകുട്ടി മരിച്ചത്. ആശാ വർക്കർമാരെ വിവരമറിയിച്ചാൽ അവർ പൊലീസിനും സർക്കാറിനും വിവരം കൈമാറുമെന്ന് സാധാരണ കുടുംബാംഗങ്ങൾ പോലും ഭയപ്പെടുന്നു. -ഗൊഗോയ് ആരോപിച്ചു.
ശൈശവ വിവാഹത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നത് അസം മന്ത്രിസഭയുടെ തീരുമാനമാണ്. 14-16 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്ത പുരുഷൻമാർക്കെതിരെ പോക്സോ പ്രകാരവും 17 വയസുള്ളവരെ വിവാഹം ചെയ്തവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുകയും ഭർത്താവിനെയും വിവാഹം നടത്തിയ പുരോഹിതൻമാരെയുമടക്കം ജയിലിലടക്കുകയും ചെയ്താണ് നടപടി ശക്തമാക്കുന്നത്.
ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ശൈശവ വിവാഹം തടയേണ്ടതാണെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നടപടി പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
അതേസമയം, വ്യാഴാഴ്ച അസം മന്ത്രി സഭ ശൈശവ വിവാഹത്തിനെതിരായ പൊലീസ് കാമ്പയിനിങ്ങിനെ അഭിനന്ദിച്ചു. നടപടികൾ തുടരണമെന്നും ആവശ്യപ്പെട്ടു. അസം പൊലീസ് ഇതുവരെ 2,763 പേരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, ശൈശവ വിവാഹത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനായി നയ രൂപീകരണത്തിന് സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം പുനരധിവാസ നയം രൂപീകരിക്കണമെന്നാണ് നിർദേശം. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം സംസ്ഥാന സർക്കാർ ഇവരുടെ കാര്യത്തിൽ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.