ന്യൂഡൽഹി: തെലങ്കാനയിലെ ഭരണകക്ഷിയായ ബി.ആർ.എസിന് തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. രണ്ട് മുതിർന്ന നേതാക്കൾ കൂടി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 100 അനുയായികളുടെ ഒപ്പമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ ബി.ആർ.എസ് നേതാക്കളായ കാസിറെഡ്ഡി നാരായണ റെഡ്ഡി, താക്കൂർ ബാലാജി സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നതെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
എം.എൽ.സിയായ കാസിറെഡ്ഡി നാരായണ റെഡ്ഡിയും പാർട്ടി നേതാവ് താക്കൂർ ബാലാജി സിങ്ങും കോൺഗ്രസിൽ ചേർന്നുവെന്ന് തെലങ്കാന സംസ്ഥാന പ്രസിഡന്റ് എ.രേവനാഥ് റെഡ്ഡി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി വിജയിക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 17 ദിവസമാണ് തെലങ്കാനയിൽ പര്യടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയുടെ ക്ഷേമത്തിനായാണ് സോണിയ ഗാന്ധിയും യു.പി.എ സർക്കാറും പ്രവർത്തിച്ചത്. കഴിഞ്ഞ 10 വർഷമായി ബി.ആർ.എസ് ഒരു വികസനവും തെലങ്കാനയിൽ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.