ന്യൂഡൽഹി: ജാതി സെൻസസിൽ കേന്ദ്ര സർക്കാർ മുഖം തിരിച്ചു നിൽക്കുന്നതിനിടെ നിർണായക ചുവടുവെപ്പുമായി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. ശനിയാഴ്ച ജാതി സർവേ ആരംഭിക്കുകയാണെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സിൽ പോസ്റ്റിൽ അറിയിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിലായി 1.17 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി 80,000 എന്യൂമറേറ്റർമാർ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വീടുവീടാന്തരം കയറിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 1931ന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തുന്നതെന്നും രമേശ് പറഞ്ഞു.
‘ഇത് ചരിത്രപരവും വിപ്ലവകരവുമായ നിമിഷമാണ്. സംസ്ഥാനത്തിനായുള്ള തെലങ്കാന പ്രസ്ഥാനത്തിന്റെ അഭിലാഷങ്ങളുടെ സാക്ഷാത്കാരവും ഡോ. ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടനയുടെ പ്രധാന ആദർശങ്ങളിലൊന്നിന്റെ പൂർത്തീകരണവുമാണ്’- കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഈ ആഴ്ച ആദ്യം ഹൈദരാബാദിൽ രാഹുൽ ഗാന്ധി സൂചിപ്പിച്ചതുപോലെ ‘ഇൻഡ്യാ’ സഖ്യ സർക്കാർ നടത്തുന്ന ദേശീയ ജാതി സർവേയുടെ ബ്ലൂപ്രിന്‍റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണങ്ങളിൽ 50% പരിധി എടുത്തുകളഞ്ഞ് സുപ്രീംകോടതി ഏകപക്ഷീയമായ പരിധി നിശ്ചയിച്ചത് കോൺഗ്രസിന്റെ രാജ്യത്തിനായുള്ള കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവായി മാറി. നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതും ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ വിഭാവനം ചെയ്യുന്നതുമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി എന്ന ആശയത്തോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജയറാം രമേശ് ഉറപ്പിച്ചു പറഞ്ഞു.
നവംബർ അഞ്ചിന് തെലങ്കാന കോൺഗ്രസ് സംഘടിപ്പിച്ച ജാതി സർവേ യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും തെലങ്കാനയിലെ ജാതി സർവേ ഉറപ്പാക്കാൻ താൻ പൂർണ പ്രതിജ്ഞാബദ്ധനാണെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.