ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ പുനസംഘടിപ്പിക്കാൻ എ.ഐ.സി.സി തയ്യാറെടുക്കുന്നു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരെ മാറ്റിയേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നീക്കം.
അടുത്തിടെ നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന പി.സി.സി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവെച്ചിരുന്നു. തെലങ്കാനയിൽ പുതിയ പി.സി.സി അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം മണികം ടാഗോർ പറഞ്ഞു.
ജനറൽ സെക്രട്ടറിമാർ, നേതാക്കൾ എന്നിവരുൾപ്പെടെ 160 കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
'സംസ്ഥാന കമ്മിറ്റി നിലവിലുണ്ടെങ്കിലും ജില്ല കമ്മിറ്റി രൂപവത്കരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കാർഷിക നിയമങ്ങൾ സംബന്ധിച്ച പ്രശ്‌നം കർഷകരും കേന്ദ്രവും പരിഹരിച്ചുകഴിഞ്ഞാൽ പുതിയ ജില്ല കമ്മിറ്റി രൂപവത്കരിക്കുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള അംഗം ഹരീഷ് റാവത്ത് പറഞ്ഞു.
ഗുജറാത്തിലെ അധ്യക്ഷന്‍റെ മാറ്റം സംബന്ധിച്ച് തീരുമാനം ഡിസംബർ അവസാനത്തോടെ ഉണ്ടായേക്കുമെന്നുമാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.