ഹൈദരാബാദ്: വേതന വർധന ആവശ്യപ്പെട്ട് തെലങ്കാനയിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് രൂക്ഷമാകുന്നു. 10ാം ദിവസത്തിലേക്കു കടന്ന സമരത്തിെൻറ ആദ്യ രക്തസാക്ഷിയായി ഒരു ജീവനക്കാരൻ തീകൊളുത്തി മരിച്ചു. മറ്റൊരു ജീവനക്കാരൻ ആത്മാഹുതിക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷകരായി. ഖമ്മാം ജില്ലയിൽ ഡി. ശ്രീനിവാസ റെഡ്ഡിയെന്ന ഡ്രൈവറാണ് മണ്ണെണ്ണെയാഴിച്ച് തീകൊളുത്തി മരിച്ചത്.
സമരത്തിലുള്ള 48,000 ജീവനക്കാരെയും പിരിച്ചുവിടുമെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ പ്രഖ്യാപനം ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കെയാണ് റെഡ്ഡി കടുംകൈ ചെയ്തത്. സമരത്തോട് നിഷേധസമീപനം തുടരുന്ന മുഖ്യമന്ത്രി തൊഴിലാളി നേതാക്കളോട് ഇനിയും സംസാരിക്കാൻ തയാറായിട്ടില്ല. പകരം, സമരത്തിലുള്ള എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടതായി ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ, സമരം ശക്തമാക്കിയ ജീവനക്കാർ ഒക്ടോബർ 19ന് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തെലങ്കാനയിൽ ജനജീവിതത്തെ ബാധിച്ച സമരത്തെ തുടർന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒരാഴ്ച നീട്ടിയിട്ടുണ്ട്.
മെച്ചപ്പെട്ട വേതനം, മികച്ച തൊഴിൽ സാഹചര്യം, കോർപറേഷൻ സർക്കാറിൽ ലയിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി ഈ മാസം അഞ്ചിന് തുടങ്ങിയ പ്രക്ഷോഭത്തിന് കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.