ന്യൂഡൽഹി: ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാതെ പോയ ബി.ജെ.പി, സഖ്യകക്ഷി സർക്കാറുണ്ടാക്കാൻ ഡൽഹിയിൽ നടത്തിയത് 11 മണിക്കൂർ നീണ്ട മാരത്തൺ ചർച്ച. ആർ.എസ്.എസ് നിയോഗിച്ച സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിസഭാ കുരുക്ക് അഴിക്കാനുള്ള ചർച്ച നടത്തിയത്. വിഹിതത്തിനായി വിലപേശിയ മുഖ്യ ഘടകകക്ഷികളായ തെലുഗുദേശം പാർട്ടിയോടും ജനതാദൾ-യുവിനോടും, ആദ്യ സത്യപ്രതിജ്ഞക്കുശേഷം വീണ്ടുമൊരു മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും കൂടുതൽ മന്ത്രിസ്ഥാനങ്ങൾ അതിൽ നൽകാമെന്നും ഉറപ്പു നൽകിയതോടെയാണ് സമവായമായത്.
ഇപ്പോഴിറങ്ങിയത് ആദ്യ മന്ത്രിസഭാ പട്ടികയാണെന്ന സൂചനയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് തെലുഗുദേശം നേതാവ് ബാപട്ല കൃഷ്ണപ്രസാദ് പറഞ്ഞു. രണ്ടാം പട്ടികയും മൂന്നാം പട്ടികയും വരുന്നതോടെ മതിയായ വിഹിതം കിട്ടുമെന്നാണ് കരുതുന്നത്. ആന്ധ്രയെ പുനർനിർമിക്കാൻ ഗതാഗതം, റെയിൽവേ, ഷിപ്പിങ് പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന മന്ത്രാലയങ്ങളാണ് വേണ്ടത്.
അതിനെല്ലാമുപരി സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാണെന്നും ടി.ഡി.പി നേതാവ് പറഞ്ഞു.
മൂന്ന് മന്ത്രിമാരുടെ പേരുനൽകിയ ജെ.ഡി.യുവിനോട് ഒരു കാബിനറ്റ് മന്ത്രിയെയും സഹമന്ത്രിയെയും ആദ്യ സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്താമെന്നും മൂന്നാമനെ മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കാമെന്നുമാണ് അറിയിച്ചത്. ചിരാഗ് പാസ്വാന്റെ ലോക്ജൻ ശക്തി പാർട്ടിയും(രാം വിലാസ്) ആന്ധ്രയിലെ പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും കിട്ടിയതിൽ തൃപ്തിപ്പെട്ടു. രണ്ട് എം.പിമാരും ഒരു എം.പി മാത്രവും ഉള്ളവർക്കും ഒരു കാബിനറ്റ് മന്ത്രിയെ പട്ടികയിലുൾപ്പെടുത്തിയപ്പോഴാണ് 10ലേറെ എം.പിമാരുള്ള ജെ.ഡി.യുവിനും ടി.ഡി.പിക്കും ഒരു കാബിനറ്റ് മന്ത്രിയും ഒരു സഹമന്ത്രിയുമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.