ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ജയിലിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികൾ ജയിൽ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയിൽ ചാടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല സംഘടിപ്പിച്ചത്. ജയിലിലെ തടവുകാരായിരുന്നു അഭിനേതാക്കൾ. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനരവേഷം കെട്ടിയ കൊലപാതകക്കേസ് പ്രതി ഉൾപ്പടെ രണ്ടുപേർ ജയിൽ ചാടിയതായി അധികൃതർ മനസിലാക്കിയത്. ജയിലിൽ അറ്റകുറ്റ പണികൾക്കായി ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് പ്രതികൾ ജയിൽ ചാടിയത്. രക്ഷപ്പെട്ട തടവുകാരിൽ ഒരാളായ പങ്കജിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമനായ രാംകുമാർ വിചാരണ തടവുകാരനാണ്.
പുലർച്ചെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹരിദ്വാർ എസ്.പി പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് വിമർശിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അതേസമയം ബി.ജെ.പി ഭരണത്തിൽ ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.