ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബയെ വിട്ടയച്ച ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിൽ 2023 ജനുവരി 17ന് വാദംകേൾക്കാൻ സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹിമ കോഹ്‍ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു.
മുതിർന്ന അഭിഭാഷകൻ ആർ. ബസന്താണ് സായിബാബക്കുവേണ്ടി ഹാജരായത്. മാവോവാദിബന്ധം ആരോപിച്ച് 2014ലാണ് യു.എ.പി.എ ചുമത്തി സായിബാബയെ അറസ്റ്റ് ചെയ്തത്. 2017ൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് കഴിഞ്ഞ ഒക്ടോബറിൽ ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് സായിബാബയെ വിട്ടയച്ചത്.
എന്നാൽ, മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിനെ തുടർന്ന് ഈ വിധി സുപ്രീംകോടതി മരവിപ്പിച്ചിരുന്നു.യു.എ.പി.എ ചുമത്തുന്നതിന് മുമ്പുതന്നെ വിചാരണ നടപടി തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി സായിബാബയെ വിട്ടയച്ചത്. വീട്ടുതടങ്കലിലാക്കണമെന്ന സായിബാബയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.