ലോക്സഭ സ്പീക്കർ ഓം ​ബി​ർ​ള

ബില്ലുകൾ എം.പിമാർക്കൊപ്പം ഇനി മാധ്യമങ്ങൾക്കും

ന്യൂഡൽഹി: പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള പുതിയ ബില്ലുകൾ എം.പിമാർക്ക് നൽകുമ്പോൾതന്നെ മാധ്യമങ്ങൾക്കും നൽകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള. പാർലമെന്‍റിൽ ചർച്ച നടക്കുമ്പോൾതന്നെ ജനങ്ങൾക്ക് പുതിയ നിയമങ്ങളെ കുറിച്ചറിയാൻ ഇത് സഹായകരമാകുമെന്നും സ്പീക്കർ പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സെൻട്രൽ ഹാളിന് പകരം സെൻട്രൽ ലോഞ്ച് ആയിരിക്കും ഉണ്ടാകുകയെന്നും സ്പീക്കർ വ്യക്തമാക്കി.

ലോക്സഭ സ്പീക്കർ പദവിയിൽ മൂന്ന് വർഷം പൂർത്തിയാക്കുന്നവേളയിൽ പാർലമെന്‍ററി നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എം.പിമാർ മാധ്യമപ്രവർത്തകരുമായി സ്വതന്ത്രമായി സംവദിച്ചിരുന്ന സെൻട്രൽ ഹാൾ പുതിയ പാർലമെന്‍റിൽ ഇല്ലെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോഴാണ് അതിന് പകരം സെൻട്രൽ ലോഞ്ച് ഉണ്ടാക്കുന്നുണ്ടെന്നും അവിടെ എം.പിമാർക്കും മാധ്യമപ്രവർത്തകർക്കും പ്രവേശനം നൽകുമെന്നും സ്പീക്കർ പറഞ്ഞത്.

പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും ഒപ്പം രാജ്യത്തെ എല്ലാ നിയമസഭകളുടെയും നടപടികളും ചർച്ചകളും ബില്ലുകളും ലഭ്യമാകുന്നതരത്തിൽ ഡിജിറ്റൽ പാർലമെന്‍റ് ആപ്ലിക്കേഷൻ വികസിപ്പിക്കും. ലോക്സഭയും രാജ്യസഭയും പോലെ സംസ്ഥാന നിയമസഭകൾക്ക് സ്വയം ഭരണാധികാരം നൽകണമെന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആവശ്യമുയരുന്നുണ്ടെന്നും ഇത് അംഗീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

കഴിഞ്ഞ 18 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ നിയമനിർമാണങ്ങളും പാർലമെന്‍റിന്‍റെ ഇടപെടലുകളും ഉണ്ടായ മൂന്ന് വർഷമാണ് കഴിഞ്ഞുപോയത്. രണ്ട് വർഷം കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും 106 ശതമാനമാണ് ഫലപ്രാപ്തി. രാത്രിയും സഭചേർന്ന് 254.46 മണിക്കൂർ അധികം നടപടികൾക്കായി വിനിയോഗിച്ചാണ് ഇതിന് സാധ്യമായത്. മൂന്ന് വർഷം കൊണ്ട് 149 ബില്ലുകൾ പാസാക്കി. 15ഉം 16ഉം ലോക്സഭകളുമായി താരതമ്യപ്പെടുത്തുമ്പോൾ പാസാക്കിയ ബില്ലുകളുടെ എണ്ണം ഒന്നര ഇരട്ടിവരും. ഒരു ബില്ലിന് ശരാശരി 132 മിനിറ്റ് ചർച്ചക്ക് നൽകിയപ്പോൾ 16ാം ലോക്സഭ 123 മിനിറ്റും 15ാം ലോക്സഭ 87 മിനിറ്റുമാണ് നൽകിയത്. കഴിഞ്ഞ മൂന്ന് ലോക്സഭകളുമായി താരതമ്യം ചെയ്യുമ്പോൾ ബില്ലുകളിന്മേൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത എം.പിമാരുടെ എണ്ണം ഇരട്ടിയാണ്. 2022 ജൂലൈ അവസാനത്തോടെ ലോക്സഭയിലെ എല്ലാ ചർച്ചകളുടെയും ഇംഗ്ലീഷ് പതിപ്പ് ഡിജിറ്റലൈസ് ചെയ്യും. 2023 മാർച്ചോടെ ചോദ്യോത്തരങ്ങളും ഡിജിറ്റൽവത്കരിക്കും. പാർലമെന്‍റിലെ നിയമനിർമാണങ്ങൾ കൂടുതൽ ജനങ്ങൾക്കറിയാൻ ബില്ലുകൾ പ്രാദേശിക ഭാഷകളിലും നൽകാനുള്ള നിർദേശം പരിഗണിക്കും. സുപ്രീംകോടതി വിധി പ്രസ്താവങ്ങൾ വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്താൻ നടപടി സ്വീകരിച്ച സാഹചര്യത്തിലാണിത്.

ശൂന്യവേളയിൽ എം.പിമാർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടിപറയേണ്ട ബാധ്യത കേന്ദ്ര മന്ത്രിമാർക്ക് ഇല്ല. 16ാം ലോക്സഭ വരെ അത്തരത്തിൽ ഉത്തരം നൽകുന്ന രീതിയില്ലായിരുന്നു. എന്നാൽ, ഈ രീതിക്ക് 17ാം ലോക്സഭ തൊട്ട് മാറ്റംവരുത്തി. എം.പിമാർ 377ം ചട്ടത്തിന് കീഴിൽ ഉന്നയിച്ച 95 ശതമാനം വിഷയങ്ങൾക്കും മറുപടി നൽകിയെന്നും ലോക്സഭയിലെ എല്ലാ പുതിയ അംഗങ്ങൾക്കും മൂന്നോ നാലോ തവണ അവസരം നൽകിയെന്നും സ്പീക്കർ പറഞ്ഞു. ഓരോ പ്രാദേശിക ഭാഷകളിലും ഒരുദിവസമെങ്കിലും സഭാനടപടികൾ പൂർണമായും നടത്തുന്നകാര്യം പരിഗണിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

Tags:    
News Summary - The bills will now go to the media along with the MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.